കുഞ്ഞിന് ആദ്യമായി നെല്ലരി ചോറ് കൊടുക്കുന്ന ചടങ്ങാണ് ചോറൂണ് അഥവാ അന്നപ്രാശനം. അഞ്ച്, ഏഴ്, ഒമ്പത് തുടങ്ങിയ മാസങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും ആറ്, എട്ട്, പത്ത് തുടങ്ങിയ മാസങ്ങളില്‍ പെണ്‍കുട്ടികള്‍ക്കും ചോറൂണിന് ശുഭമാണ്. അതീവ പ്രാധാന്യമുള്ളതിനാല്‍ ഈ ചടങ്ങിന് മുഹൂര്‍ത്തം തെറ്റാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കേണ്ടതാണ്.
അന്നപ്രാശത്തിനുള്ള മുഹൂര്‍ത്ത രാശിയില്‍ പാപഗ്രഹം വന്നാല്‍, ദാരിദ്ര്യം, രോഗം എന്നിവയ്ക്ക് കാരണമാകാം. കുഞ്ഞിന്റെ അച്ഛനോ അമ്മാവനോ ആണ് ആദ്യം കുഞ്ഞിന് ചോറ് കൊടുക്കേണ്ടത്.
ബ്രാഹ്മണര്‍ ഇത് വൈദിക വിധി പ്രകാരം നടത്തുമ്പോള്‍ മറ്റ് വിഭാഗക്കാര്‍ പൊതുവെ ക്ഷേത്രങ്ങളില്‍ വച്ചാണ് അന്നപ്രാശനം നടത്തുന്നത്. ക്ഷേത്രത്തില്‍ ദേവനോ ദേവിക്കോ നിവേദിച്ച ചോറ് ക്ഷേത്രത്തില്‍ വച്ച് തന്നെ കുഞ്ഞിന് നല്‍കുന്നു. അതിനു ശേഷം വീട്ടില്‍ വച്ച് സദ്യ, അന്നദാനം, മധുര വിതരണം മുതലായവയും ഉണ്ടാവും.
ഭൂമിയില്‍ നിന്ന് ലഭിക്കുന്ന ധാന്യം കൊണ്ടുള്ള ആഹാരം ആദ്യമായി കുഞ്ഞിന് ലഭിക്കുന്നത് അന്നപ്രാശ മുഹൂര്‍ത്തത്തിലാണ്. ഈ മുഹൂര്‍ത്തം മുതല്‍ ഭൂമിയും കുഞ്ഞിനു മാതാവാണ്. ക്ഷേത്രത്തില്‍ വച്ചായാലും ഗൃഹത്തില്‍ വച്ചായാലും ശുഭ മുഹൂര്‍ത്തത്തില്‍ തന്നെ അന്നപ്രാശനം നടത്തേണ്ടതുണ്ട്. എവിടെ വച്ച് എന്നതല്ല ഏത് മുഹൂര്‍ത്തത്തില്‍ എന്നതാണ് ഇവിടെ പ്രധാനം.
അന്നപ്രാശനം നടത്തുന്നത് എവിടെ വച്ചായാലും കുഞ്ഞിന്റെ ശബ്ദ മാധുര്യം, സ്വഭാവ ശുദ്ധി, ആരോഗ്യം എന്നിവയ്ക്ക് ഉതകുന്ന തരത്തില്‍ ഗ്രഹനില ഉദിച്ചു നില്‍ക്കുമ്പോഴാണ് അന്നപ്രാശനം നടത്തേണ്ടത്. ഭക്ഷണത്തിന്റെ സൂക്ഷ്മ ഭാവത്തില്‍ നിന്നുമാണ് മനോ വികാസമുണ്ടാവേണ്ടത്. അതിനാല്‍ അന്നം ന്യായമായി സമ്പാദിച്ചതും സാത്വികവും പവിത്രഭാവത്തോടുകൂടി തയ്യാറാക്കുന്നതു ആയിരിക്കണം. ഇത് ഈ പ്രത്യേക മുഹൂര്‍ത്തത്തില്‍ മാത്രമല്ല ജീവിതത്തിലുടനീളം പാലിക്കേണ്ടതാണെന്നാണ് ആചാര്യമതം.
സാത്വിക ഗുണങ്ങള്‍ ഉണ്ടാവുന്നതിനു സാത്വികാഹാരങ്ങള്‍ കഴിക്കേണ്ടതാണ്. ഭക്ഷണത്തെ ഔഷധം, പ്രസാദം, ബ്രഹ്മസ്വരൂപി എന്നീ വിധത്തില്‍ കണ്ട് പ്രസന്ന ഭാവത്തില്‍ തന്നെ കഴിക്കേണ്ടതാണ്.