ജാതകം, ഗോളം, നിമിത്തം, പ്രശ്നം, മുഹൂര്‍ത്തം, ഗണിതം എന്നിങ്ങനെ ഷഡ് അംഗങ്ങളോടു കൂടിയതാണ് ജ്യോതിഷം. എന്നാല്‍, ഇന്നു വ്യാപകമായി കൈകാര്യം ചെയ്തു വരുന്നതും പ്രശ്നം, ജാതകം, മുഹൂര്‍ത്തം, പൊരുത്തശോധന എന്നീ നാലുവിഷയങ്ങളാണ്. ഇവയുടെ സവിശേഷതകളിലേക്ക്;
പ്രശ്നം
ജ്യോതിഷത്തിലെ മറ്റ് അഞ്ച് അംഗങ്ങള്‍ക്കും നിര്‍ദ്ദിഷ്ടമായ ഒരു പന്ഥാവുണ്ട്. എന്നാല്‍, പ്രശ്നത്തിന് അടിസ്ഥാന പ്രമാണങ്ങള്‍ ഉണ്ടെങ്കിലും അത് സങ്കീര്‍ണ്ണവും ദുര്‍ഗമവുമാണ്. ഒരു മനുഷ്യന്റെയോ കുടുംബത്തിന്റെയോ സമൂഹത്തിന്റ്യോ ആരാധനാലയത്തിന്റെയോ രാജ്യത്തിന്റെയോ ശുഭാശുഭ ഫലങ്ങള്‍ ഭൂത-വര്‍ത്തമാന-ഭാവികാലങ്ങളെ അനാവരണം ചെയ്തുകൊണ്ടു പ്രവചിക്കുന്നതിനൊപ്പം പരിഹാര നിര്‍ദ്ദേശങ്ങളിലൂടെ ദുരന്തങ്ങളെയും ദുരിതങ്ങളെയും എങ്ങനെ തരണം ചെയ്യാമെന്ന് കൂടി പ്രശ്നത്തിലൂടെ വ്യക്തമാക്കപ്പെടുന്നു.
പൂര്‍വ ജന്മത്തില്‍ ചെയ്ത ശുഭ കര്‍മ്മത്തിന്റെയോ അശുഭ കര്‍മ്മത്തിന്റെയോ ഫലമാണ് ഈ ജന്മത്തില്‍ അനുഭവിക്കുന്നത് എന്ന് ജനന സമയത്തെ ഗ്രഹനില സൂചിപ്പിക്കുന്നു എന്ന് അര്‍ത്ഥം. ജീവിതത്തില്‍ ഉണ്ടാവുന്ന ഗുണ ദോഷ ഫലങ്ങളെ മുന്‍കൂട്ടി അറിയുന്നതിന് ജാതകം സഹായിക്കുന്നു. ഏതു തരം വിദ്യാഭ്യാസമാണ് അനുയോജ്യം, ഏതു തൊഴില്‍ വിജയം നല്‍കും, ഏതുകാലത്ത് ഏത് കര്‍മ്മം അനുഷ്ഠിക്കണം എന്നൊക്കെ ഗ്രഹനില അടിസ്ഥാനമാക്കി പ്രവചിക്കാന്‍ സാധിക്കും. ഇത് ശാരീരിക, മാനസിക സ്വസ്ഥത കൈവരിക്കാന്‍ സഹായമാവുകയും ചെയ്യും.
“a forecast of person's future life based on a diagram showing the relative positions of stars and planets at the person's birth” എന്നാണ് ഓസ്ക്ഫോര്‍ഡ് ഡിക്‍ഷണറിയില്‍ ഇത്തരം പ്രവചനത്തെ കുറിച്ച് വിശദീകരിക്കുന്നത്. ജീവിതത്തിലുടനീളം അനുഭവിക്കാന്‍ പോവുന്ന ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ വ്യക്തമായ ഒരു ചിത്രം ജനനസമയത്തെ ഗ്രഹനിലയിലൂടെ അറിയുവാന്‍ കഴിയുന്നു എന്നതിനപ്പുറം ദുഃഖങ്ങളെയും ദുരിതങ്ങളെയും അതിജീവിക്കാനുള്ള പരിഹാര മാര്‍ഗ്ഗങ്ങളും സൂചിതമാണ്.