അഭിറാം മനോഹർ|
Last Modified ചൊവ്വ, 9 ജൂലൈ 2024 (20:08 IST)
ഡ്രൈവര്‍ ആവശ്യമില്ലാത്ത ഓട്ടോമാറ്റിക് കാറുകള്‍ ഇന്ത്യയില്‍ അനുവദിക്കില്ലെന്ന് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ഇത്തരം വാഹനങ്ങള്‍ 80 ലക്ഷത്തോളം വരുന്ന ഡ്രൈവര്‍മാരുടെ തൊഴില്‍ നഷ്ടമാക്കാന്‍ ഇടവരുത്തുമെന്നും അമേരിക്കയില്‍ നടന്ന ചര്‍ച്ചയില്‍ ഇക്കാര്യം താന്‍ ചൂണ്ടികാണിച്ചതായും നിതിന്‍ ഗഡ്കരി.
ടെസ്ല ഉള്‍പ്പെടുന്ന കമ്പനികള്‍ തങ്ങളുടെ ഡ്രൈവറില്ലാത്ത തരത്തിലുള്ള കാറുകള്‍ ഇന്ത്യന്‍ വിപണിയിലെത്തിക്കാന്‍ ശ്രമിക്കവെയാണ് ഗഡ്കരിയുടെ പ്രസ്താവന.
ആദ്യഘട്ടമായി ടെസ്ല തങ്ങളുടെ സാധാരണ തരത്തിലുള്ള കാറുകളാകും ഇന്ത്യന്‍ വിപണിയിലിറക്കുക. എന്നാല്‍ ഭാവി സാങ്കേതിക വിദ്യകളില്‍ പ്രാവീണ്യം തെളിയിച്ചിട്ടുള്ള കമ്പനിക്ക് കേന്ദ്രമന്ത്രിയുടെ പ്രസ്താവന തിരിച്ചടിയാണ്. യൂറോപ്പിലേത് പോലെ ചെറിയ ജനസംഖ്യയുള്ള രാജ്യങ്ങളില്‍ ഇത്തരം സാങ്കേതിക വിദ്യ സാധ്യമാണെന്നും എന്നാല്‍ ഇന്ത്യയില്‍ അങ്ങനെയല്ലെന്നും ഗഡ്കരി വ്യക്തമാക്കി. അതേസമയം ഭാവിയുടെ ഇന്ധനം ഹൈഡ്രജനാകുമെന്നും ഈ സാങ്കേതിക വിദ്യയുടെ വികസനത്തിനായി ഇന്ത്യ ശ്രദ്ധ പതിപ്പിക്കുന്നുണ്ടെന്നും ഗഡ്കരി പറഞ്ഞു.