സജിത്ത്|
Last Modified വെള്ളി, 30 ജൂണ്‍ 2017 (10:54 IST)
എയ്റോ കൺസെപ്റ്റിന്റെ പ്രൊഡക്‌ഷൻ മോഡലുമായി
മഹീന്ദ്ര എത്തുന്നു. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ഓട്ടോ എക്‌സ്‌പോ ലക്ഷ്യമിട്ട് എയ്‌റോയുടെ പ്രൊഡക്ഷന്‍ സ്‌പെക്ക് നിര്‍മാണം കമ്പനി ആരംഭിച്ചു കഴിഞ്ഞെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഫെബ്രുവരിയിൽ ഡൽഹിയിൽ നടന്ന ഓട്ടോ എക്സ്പോയിലാണ് ഈ വാഹനം ആദ്യമായി അവതരിപ്പിച്ചത്.
മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ഇറ്റാലിയന്‍ ഡിസൈന്‍ സ്ഥാപനമായ പിനിന്‍ഫാരിനയുടെ സഹകരണത്തോടെയാണ് എയ്റോയുടെ രൂപ കല്പനയെന്നാണ് റിപ്പോര്‍ട്ട്. കൂപ്പെ സ്‌റ്റെല്‍ എസ്.യു.വികളിലെ മഹീന്ദ്രയുടെ ആദ്യ പരീക്ഷണംകൂടിയാണ് എയ്‌റോ. മഹീന്ദ്ര XUV 500 ന് സമാനമാണ് മുന്‍ഭാഗമാണ് എയ്‌റോയ്ക്ക് നല്‍കിയിട്ടുള്ളത്. പിന്‍ഭാഗത്തേക്ക് താഴ്ന്നിറങ്ങുന്ന ഇരുവശങ്ങള്‍ കൂപ്പെ സ്റ്റെലിന് കൂടുതല്‍ ചാരുത പകരും.
അകത്തളത്തെ ഡാഷ്‌ബോര്‍ഡും XUV 500 മായി സാമ്യമുള്ളതാണ്. എന്നാല്‍ ഇതിലെ സീറ്റ് കപ്പാസിറ്റിയില്‍ വ്യത്യാസം കാണാന്‍ സാധിക്കും. അഞ്ച് സീറ്റര്‍ വാഹനമായിരിക്കും മഹീന്ദ്ര എയ്‌റോ. മഹീന്ദ്രയുടെ പുതിയ എം ഹോക്ക് എൻജിന്‍ തന്നെയാണ് വാഹനത്തിനു കരുത്തേകുന്നത്. 212 ബി എച്ച് പി കരുത്തുള്ള ഈ എന്‍ജിന് വെറും ആറ് സെക്കന്‍ഡുകള്‍ക്കകം തന്നെ 60 കിലോമീറ്റർ വേഗമാര്‍ജിക്കാന്‍ സാധിക്കും.
റേസ്, ഓഫ് റോഡ്, സ്ട്രീറ്റ്, സ്‌പോര്‍ട് എന്നിങ്ങനെയുള്ള ഡ്രൈവിങ് മോഡുകളും സസ്‌പെന്‍ഷന്‍ മോഡുകളും ഈ വാഹനത്തിന്റെ പ്രത്യേകതയാണ്. മഹീന്ദ്രയുടെ ഏറ്റവും വിലകൂടിയതും ആഡംബരം നിറഞ്ഞതുമായ വാഹനമാണ് എയ്റോ. ബി എം ഡബ്ല്യൂ എക്‌സ് 6, മെഴ്‌സിഡസ് ബെൻസ് ജി.എല്‍.ഇ കൂപെ എന്നിവയായിരിക്കും ഈ വാഹനത്തിന്റെ എതിരാളികള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്‍.