Last Updated:
ബുധന്‍, 5 ജൂണ്‍ 2019 (12:30 IST)
അധികം കൊട്ടിഘോഷങ്ങളോ ബഹളങ്ങളോ ഇല്ലാതെയാണ് വിവോ തങ്ങളുടെ എക്കണോമി സ്മാർട്ട്‌ഫോണായ Y12നെ ഇന്ത്യൻ വിപണീയിൽ എത്തിച്ചിരിക്കുന്നത്. ഒരാഴ്ചക്കുള്ളിൽ തന്നെ രാജ്യത്ത് സ്മാർട്ട്‌ഫോണിന്റെ വിൽപ്പന ആരംഭിക്കും. വിവോ Y12 ഓൺലൈനിലൂടെ ലഭ്യമായിരിക്കില്ല. വിവോയുടെ ഓഫ്‌ലൈൻ ഷോറൂമുകൾ വഴിയാണ് Y12 ഉപയോക്താക്കളിലേക്ക് എത്തുക.
കുറഞ്ഞ വിലയി ലഭിക്കുന്ന എക്കണോമി സ്മാർട്ട്‌ഫോണിൽ 5000mAh ബാറ്ററി നൽകിയിരിക്കുന്നു എന്നതാണ് ഫോണിന്റെ എടുത്തുപറയേണ്ട സവിശേഷത റിവേഴ്സ് ചാർജിംഗ് സപ്പോർട്ടോടുകൂടുയ ബാറ്ററി കൂടുതൽ നേരം ബാക്കപ്പ് നൽകും. 6.35 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് ഹാലോ വാട്ടർഡ്രോപ് നോച്ച് ഡിസ്പ്ലേയാണ് ഫോണിൽ നൽകിയിരിക്കുന്നത്.
13 മെഗാപിക്സലിന്റെ പ്രൈമറി സെൻസർ, 8 മെഗാപിക്സലിന്റെ സെകൻഡറി സെൻസർ, 2 മെഗാപിക്സലിന്റെ ഡെപ്ത് സെൻസർ എന്നിവ അടങ്ങുന്ന ട്രിപ്പിൾ റിയർ
ക്യാമറകളാണ് സ്മാർട്ട്‌ഫോണിലുള്ളത്. ആർട്ടി ഫിഷ്യൽ ഇന്റലിജൻ ടെക്കനോളജി അടിസ്ഥാനപ്പെടുത്തിയുള്ള 8 മെഗാപിക്സൽ സെൽഫി ക്യാമറയും ഫോണിൽ സജ്ജീകരിച്ചിരിക്കുന്നു. 2.0GHz ഒക്ടാകോർ മീഡിയടെക് ഹീലിയോ P22 പ്രൊസസറാണ് വിവോ Y12ന് കരുത്ത് പകരുന്നത്.
ഫണ്ടച്ച് ഒഎസോടുകൂടുയ ആൻഡ്രോയിഡ് 9പൈയിലാണ് സ്മാർട്ട്‌ഫോൺ പ്രവർത്തിക്കുക. 3 ജിബി റാം 32 ജിബി സ്റ്റോറേജ്, 4 ജിബി റാം 64 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് Y12 വിപണിയിൽ എത്തിയിരിക്കുന്നത്. സ്മാർട്ട്‌ഫോണിന്റെ ബേസ് വേരിയന്റിന് 11,990 രൂപയും, ഉയർന്ന വേരിയന്റിന് 12,990 രൂപയുമാണ് ഇന്ത്യയിലെ വിപണി വില.