നീയാണ് ടീമിന്റെ നാലാം നമ്പറില്‍ കളിക്കേണ്ട ബാറ്റര്‍, എന്തെല്ലാം സംഭവിച്ചാലും, പരാഗിന്റെ വളര്‍ച്ചയ്ക്ക് കാരണമായത് സഞ്ജുവിന്റെ തീരുമാനം

Riyan Parag,IPL 24
അഭിറാം മനോഹർ| Last Modified വെള്ളി, 3 മെയ് 2024 (12:53 IST)
Riyan Parag,24
ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള അവസാന മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും അവിശ്വസനീയമായ പ്രകടനങ്ങളാണ് ഒരു ടീമെന്ന നിലയില്‍ രാജസ്ഥാന്‍ റോയല്‍സ് നടത്തുന്നത്. മത്സരത്തില്‍ ഹൈദരാബാദ് ഉയര്‍ത്തിയ 202 റണ്‍സ് വിജയലക്ഷ്യം സ്വന്തമാക്കാനിറങ്ങിയ രാജസ്ഥാന് ആദ്യ ഓവറില്‍ തന്നെ ബട്ട്ലറെയും സഞ്ജു സാംസണെയും നഷ്ടമായെങ്കിലും ജയ്‌സ്വാള്‍- റിയാന്‍ പരാഗ് കൂട്ടുക്കെട്ടിലൂടെ തിരികെ മത്സരത്തില്‍ തിരിച്ചുവന്നിരുന്നു.


വിജയതീരത്തോട് അടുപ്പിച്ചാണ് 49 പന്തില്‍ 77 റണ്‍സോടെ പരാഗ് പുറത്തായതെങ്കിലും മത്സരത്തില്‍ രാജസ്ഥാന്‍ ഒരു റണ്‍സിന് പരാജയപ്പെട്ടു. മുന്‍ സീസണുകളില്‍ പരാജയമായിരുന്ന റിയാന്‍ പരാഗ് 2024ല്‍ എത്തിയതോടെ ടീമിന്റെ വിശ്വസ്തതാരമെന്ന രീതിയില്‍ വളര്‍ന്നു കഴിഞ്ഞു. ഈ ഐപിഎല്ലില്‍ കളിച്ച 10 മത്സരങ്ങളില്‍ നിന്നും 58.4 എന്ന മികച്ച ശരാശരിയില്‍ 409 റണ്‍സാണ് പരാഗ് സ്വന്തമാക്കിയത്. ടീമിന്റെ വിശ്വസ്തനായ നാലാം നമ്പര്‍ താരമെന്ന രീതിയില്‍ പരാഗിന്റെ ഈ വളര്‍ച്ചയില്‍ പക്ഷേ നിര്‍ണായക പങ്ക് ടീം ക്യാപ്റ്റനായ സഞ്ജു സാംസണിനാണ്.


രാജസ്ഥാന്‍ റോയല്‍സ് പുറത്തുവിട്ട വീഡിയോയില്‍ റിയാന്‍ പരാഗ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബാറ്റിംഗ് ഓര്‍ഡറില്‍ നീ മുന്നോട്ടും പോകണ്ട, പിന്നോട്ടും പോകണ്ട ടീമിന്റെ നാലാം നമ്പര്‍ ബാറ്റര്‍ നീ ആണെന്ന് സഞ്ജു ഭയ്യയാണ് പറയുന്നത്. കളിക്കാരെ പറ്റിയും ടീമിനെ പറ്റിയും വ്യക്തമായ ധാരണ സഞ്ജുവിനുണ്ട്. പരാഗ് പറയുന്നു.2024 ഐപിഎല്‍ സീസണില്‍ മധ്യനിരയില്‍ രാജസ്ഥാനെ പല മത്സരങ്ങളിലും കൈപ്പിടിച്ചുയര്‍ത്തിയത് പരാഗിന്റെ ഇന്നിങ്ങ്‌സുകളാണ്. സണ്‍റൈസേഴ്‌സുമായി പരാജയപ്പെട്ടെങ്കിലും വമ്പന്‍ താരങ്ങള്‍ നിരാശപ്പെടുത്തിയപ്പോഴും യുവതാരങ്ങള്‍ സാഹചര്യം കൈകാര്യം ചെയ്ത രീതി രാജസ്ഥാന് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. വരും മത്സരങ്ങളില്‍ കൂടുതല്‍ മെച്ചപ്പെടാന്‍ ഈ തോല്‍വി രാജസ്ഥാനെ സഹായിക്കുക തന്നെ ചെയ്യും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :