രേണുക വേണു|
Last Modified ഞായര്‍, 13 ഏപ്രില്‍ 2025 (08:00 IST)
Abhishek Sharma: പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്നു ജയിച്ച സണ്‍റൈസേഴ്‌സ് ഹൈദരബാദിന്റെ ആരാധകര്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയ്ക്കു നന്ദി പറയുകയാണ്. ഹോം ഗ്രൗണ്ടില്‍ അഭിഷേക് സംഹാരതാണ്ഡവം ആടിയപ്പോള്‍ അത് ഹൈദരബാദിനു ഫാന്‍സിനു ഒരു ഉത്സവപ്രതീതി സമ്മാനിച്ചു.
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ വെറും രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഒന്‍പത് പന്തുകള്‍ ശേഷിക്കെ ഹൈദരബാദ് ലക്ഷ്യം കണ്ടു. 55 പന്തില്‍ 14 ഫോറും 10 സിക്‌സും സഹിതം 141 റണ്‍സ് നേടിയ അഭിഷേക് ശര്‍മയാണ് കളിയിലെ താരം. 256.36 പ്രഹരശേഷിയിലാണ് അഭിഷേകിന്റെ ഇന്നിങ്‌സ്.
സെഞ്ചുറി നേടിയ ശേഷം വളരെ വ്യത്യസ്തമായ ആഘോഷപ്രകടനമാണ് അഭിഷേക് ശര്‍മ നടത്തിയത്. ബാറ്റ് താഴെ വെച്ച് പോക്കറ്റില്‍ നിന്ന് ഒരു കടലാസ് കഷണം ഉയര്‍ത്തി കാണിച്ചു. 'ദിസ് വണ്‍ ഈസ് ഫോര്‍ ഓറഞ്ച് ആര്‍മി' എന്ന് ആ കടലാസില്‍ എഴുതിയിട്ടുണ്ട്. ഐപിഎല്‍ ചരിത്രത്തിലെ തന്നെ മികച്ച ഇന്നിങ്‌സുകളില്‍ ഒന്നായ തന്റെ വെടിക്കെട്ട് പ്രകടനത്തെ ഹൈദരബാദ് ആരാധകര്‍ക്കായി അഭിഷേക് സമര്‍പ്പിക്കുകയായിരുന്നു.
പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യര്‍ അഭിഷേകിന്റെ കൈയിലെ കടലാസ് കഷണം വാങ്ങി നോക്കിയിരുന്നു. പഞ്ചാബ് താരങ്ങള്‍ വരെ അഭിഷേക് ഔട്ടായി കയറി പോകുമ്പോള്‍ ഓടിയെത്തി അഭിനന്ദിച്ചു. മത്സരദിവസം രാവിലെയാണ് താന്‍ ഈ കുറിപ്പ് എഴുതി പോക്കറ്റില്‍ ഇട്ടതെന്ന് അഭിഷേക് പറയുന്നു.