മൂന്നു അന്തര്‍ദേശീയ മത്സരങ്ങള്‍ക്കിടയില്‍ രണ്ടാം വട്ടവും ആദ്യ പകുതിയില്‍ തന്നെ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തു പോകേണ്ടി വന്ന അര്‍ജന്‍റീനിയന്‍ മുന്നേറ്റക്കാരന് കാര്‍ലോസ് ടാവേസിന് ഖേദം. തന്‍റെ ടീമിനെ വീണ്ടും പത്തു പേരുമായി കളിക്കാന്‍ വിട്ടതില്‍ ദുഃഖമുണ്ടെന്നാണ് ടാവേസ് ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.
ശനിയാഴ്ച പാരാഗ്വേയ്ക്ക് എതിരെ നടന്ന ലോകകപ്പ് ക്വാളിഫയറിലാണ് ടാവേസ് ഏറ്റവും ഒടുവില്‍ ചുവപ്പ് കാര്‍ഡ് കണ്ടെത്. പരാഗ്വേ താരം ഡാരിയൊ വെരോണിനെ പിന്നില്‍ നിന്ന് ടാക്കിള്‍ ചെയ്തതിന്‍റെ പേരിലാണ് താരത്തെ റഫറി പുറത്താക്കിയത്. അര്‍ജന്‍റീന 1-0 എന്ന നിലയില്‍ പിന്നില്‍ നില്‍ക്കുമ്പോഴായിരുന്നു ടാവേസിന്‍റെ പുറത്താകല്‍. പിന്നീട് പൊരുതി കളിച്ച അര്‍ജന്‍റീന മത്സരത്തില്‍ സമനില നേടിയിരുന്നു.
മത്സരത്തില്‍ രണ്ടാമത് നടത്തിയ ടാക്കിളിനായിരുന്നു താരത്തിന് ശിക്ഷ ലഭിച്ചത്. എന്നാല്‍ തന്‍റെ ആദ്യ ടാക്കിളായിരുന്നു ഗുരുതരമെന്നും രണ്ടാമത് പരാഗ്വേ താരങ്ങള്‍ തന്നെ കുടുക്കുകയായിരുന്നു എന്നുമാണ് അര്‍ജന്‍റീനിയന്‍ താരം പറയുന്നത്. സംഭവത്തിന് ശേഷം ടീമംഗങ്ങളോട് ഖേദം പ്രകടിപ്പിച്ചുവെന്നും എന്നാല്‍ അതിന്‍റെ ആവശ്യമില്ലെന്ന് അവര്‍ പറഞ്ഞതായും ടാവേസ് കൂട്ടിച്ചേര്‍ത്തു.
ഇതിന് മുന്‍പ് നവംബറില്‍ കൊളമ്പിയക്ക് എതിരെ നടന്ന മത്സരത്തിലാണ് ടാവേസ് ചുവപ്പ് കാര്‍ഡ് കണ്ടെത്. അര്‍ജന്‍റീന 1-0ത്തിന് മുന്നിട്ട് നില്‍ക്കുമ്പോഴാണ് ടാവേസ് അന്ന് ചുവപ്പ് കാര്‍ഡ് കണ്ടെത് എന്നാല്‍ പിന്നീട് ഈ മത്സരം 2-1 എന്ന നിലയില്‍ അര്‍ജന്‍റീനയ്ക്ക് നഷ്ടമായി.