സാവോപോളോ|
Last Updated:
ചൊവ്വ, 4 ജൂണ്‍ 2019 (15:35 IST)
പാരിസിലെ ഹോട്ടലിൽ വച്ചു നെയ്മര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന ബ്രസീലിയൻ യുവതിയുടെ വെളിപ്പെടുത്തല്‍ പണം തട്ടാനുള്ള ഭാഗമാണെന്ന് താരത്തിന്റെ പിതാവ് നെയ്മർ സാൻറോസ്.
പുറത്തുവന്ന ആരോപണം സത്യമല്ല. നെയ്മർ ഒരു കുറ്റകൃത്യവും ചെയ്തിട്ടില്ല. അവന് ബ്ലാക്ക്മെയിലിന്റെ ഇരയാണ്. ഇത് ഒരു കെണിയാണെന്ന് വ്യക്തമാണ്. പീഡിപ്പിച്ചെന്ന് ആരോപിക്കുന്ന യുവതിയുമായി നെയ്മര്‍ ഡേറ്റിങ്ങിൽ ആയിരുന്നു. പിന്നീട് നെയ്മർ ബന്ധം ഉപേക്ഷിച്ചു.
ബന്ധം ഇല്ലാതായതോടെ യുവതിയും കുടുംബവും പണം തട്ടിയെടുക്കാനായി ബലാത്സംഗ ആരോപണം ഉന്നയിച്ചു. നെയ്മർ പല കാര്യങ്ങളിലും കുറ്റാരോപിതനാകാം. എന്നാൽ അവൻ എന്ത് തരത്തിലുള്ള മനുഷ്യനാണെന്ന് എനിക്കറിയാം. ഞങ്ങളുടെ കൈയില്‍ എല്ലാ തെളിവുകളും ഉണ്ടെന്നും സാൻറോസ് പറഞ്ഞു.
ബ്രസീലിയൻ യുവതിയുടെ വെളിപ്പെടുത്തല്‍ നിഷേധിച്ച് നെയ്മർ രംഗത്ത് എത്തിയിരുന്നു. യുവതിക്കൊപ്പമുള്ള ദൃശ്യങ്ങളും ചിത്രങ്ങളും അടങ്ങിയ തെളിവുകളുമായിട്ടാണ് നെയ്മര്‍ രംഗത്തുവന്നത്. ഞാൻ മാനഭംഗ ആരോപണ വിധേയനായി. ഇതൊരു ഭയങ്കര സംഭവമാണ്, എന്നു തുടങ്ങുന്ന ഏഴു മിനിറ്റ് വിഡിയോയാണ് ഫ്രഞ്ച് ക്ലബ്ബായ
പിഎസ്ജിയുടെ താരമായ നെയ്മർ പങ്കുവച്ചത്.
മേയ് 15-നായിരുന്നു കേസിനാസ്പദമായ സംഭവം. ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ പാരീസില്‍ വിളിച്ചുവരുത്തി ഹോട്ടലില്‍വെച്ച് ബലാത്സംഗം ചെയ്തുവെന്നാണ് നെയ്മറിനെതിരായ കേസ്.
“നെയ്മറിന്റെ ക്ഷണപ്രകാരം പാരീസിലെത്തിയ താന്‍ ഒരു ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചു. ഇവിടെക്ക് വരുമ്പോൾ അദ്ദേഹം നന്നായി മദ്യപിച്ചിരുന്നു. റൂമില്‍ വെച്ച് അദ്ദേഹം തന്നെ ബലാത്സംഗം ചെയ്തു” - എന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.
പീഡനത്തിന് ശേഷം ബ്രസീലിലേക്കു തന്നെ മടങ്ങിയ താൻ മാനസികമായി ആകെ തകർന്നിരുന്നു. ഇതിനാലാണ് പരാതി നൽകാൻ വൈകിയതെന്നും യുവതി പറഞ്ഞു. പരാതിക്കാരിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി.