ബ്ളാസ്‌റ്റേഴ്‌സ് ഇനി സച്ചിന്റെ കൈയില്‍; 60% ഓഹരികള്‍ സ്വന്തമാക്കി

ഐഎസ്എല്‍ , സച്ചിന്‍ തെണ്ടുല്‍ക്കര്‍ , കേരള ബ്ളാസ്‌റ്റേഴ്‌സ് , പിവിപി വെഞ്ച്വര്‍
മുംബൈ| jibin| Last Modified വ്യാഴം, 8 ഒക്‌ടോബര്‍ 2015 (12:36 IST)
ഐഎസ്എല്‍ ടീം കേരള ബ്ളാസ്‌റ്റേഴ്‌സിന്റെ സിംഹഭാഗം ഷെയറും സച്ചിന്‍ തെണ്ടുല്‍ക്കര്‍ സ്വന്തമാക്കി. നേരത്തേ 40 ശതമാനം ഓഹരിയുണ്ടായിരുന്ന സച്ചിന്‍ ടീമിന്‍റെ 20 ശതമാനം ഓഹരികള്‍ കൂടി സ്വന്തമാക്കിയതോടെ 60 ശതമാനം ഓഹരികളും സച്ചിന്‍റെ സ്വന്തമായി. ഹൈദരാബാദ് പിവിപി വെഞ്ച്വറിന്റെ കൈവശമുണ്ടായിരുന്ന ഓഹരികളാണ് സച്ചിന്‍ സ്വന്തമാക്കിയത്.

ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍മാരായ കൊച്ചി ആസ്ഥാനമായ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പും ടീമിന്‍റെ 20 ശതമാനം ഓഹരികള്‍ വാങ്ങി. പിവിപിയില്‍ നിന്നാണ് മൂത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പും ടീമിന്‍റെ ഓഹരികള്‍ വാങ്ങിയത്. ഏകദേശം 80 കോടി രൂപയുടെ ഇടപാടാണ് സച്ചിന്‍ നടത്തിയതെന്നാണ് ഇക്കണോമിക് ടൈംസിന്റെ റിപ്പോര്‍ട്ട്. ഇതോടെ കേരള ബ്ളാസ്റ്റേഴ്സിന്റെ മൂല്യം 200 കോടിയിലെത്തി. ഇതോടെ ടീമിന്‍റെ ഉടമസ്ഥാവകാശമുണ്ടായിരുന്ന പിവിപിയുടെ ഓഹരി പങ്കാളിത്തം 20 ശതമാനമായി ചുരുങ്ങി.

ഐഎസ്എല്‍ ഫുട്‌ബോളില്‍ നിന്ന് പെട്ടന്ന് ലാഭമുണ്ടാക്കാനാകില്ലെന്ന തിരിച്ചറിവും പിവിപിയെ ഓഹരികള്‍ വിറ്റഴിക്കുന്നതിന് പ്രേരിപ്പിച്ചുവെന്നാണ് സൂചന. ഐഎസ്എല്‍ ഏതാനും വര്‍ഷങ്ങള്‍ കൊണ്ടേ ലാഭകരമാകൂ എന്നാണ് നിക്ഷേപകരും വിലയിരുത്തുന്നത്. എന്നാല്‍ സച്ചിന്‍ ബ്ളാസ്റ്റേഴ്സിനെ സ്വന്തമാക്കിയതോടെ ക്ളബിന്റെ മൂല്യം ഇനിയും വര്‍ദ്ധിക്കുമെന്നാണു വിദഗ്ദര്‍ പറയുന്നത്. ടീമിന്റെ എല്ലാ കളികളിലും സച്ചിന്‍ എത്തുമെന്നും ഇതോടെ ഏകദേശം ഉറപ്പായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :