അഭിറാം മനോഹർ|
Last Modified വെള്ളി, 26 മെയ് 2023 (16:13 IST)
ഐപിഎല്ലിലെ എലിമിനേറ്റര്‍ മത്സരത്തില്‍ മുംബൈക്കെതിരെ സീനിയര്‍ താരം ക്വിന്റണ്‍ ഡികോക്കിനെ പുറത്തിരുത്തിയ ലഖ്‌നൗ തീരുമാനത്തെ ചോദ്യം ചെയ്ത് മുന്‍ ഇന്ത്യന്‍ ഓപ്പണിംഗ് താരം വിരേന്ദര്‍ സെവാഗ്. മത്സരത്തില്‍ ക്വിന്റണ്‍ ഡികോക്കിന് പകരം കെയ്ല്‍ മെയേഴ്‌സിനെയാണ് ലഖ്‌നൗ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്. ലഖ്‌നൗ മത്സരം 81 റണ്‍സിന് തോല്‍ക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ലഖ്‌നൗവിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് സെവാഗ് രംഗത്തെത്തിയത്.
മത്സരത്തില്‍ സ്വന്തം കാലില്‍ വെടിവെച്ചിടുന്നതിന് തുല്യമായ പ്രവര്‍ത്തിയാണ് ലഖ്‌നൗ ചെയ്തതെന്ന് സെവാഗ് തുറന്നടിച്ചു. കെയ്ല്‍ മെയേഴ്‌സിന് ചെന്നൈയില്‍ മികച്ച റെക്കോര്‍ഡുള്ളതിനാലാണ് ഡികോക്കിനെ പകരം താരത്തെ കളിപ്പിച്ചതെന്നാണ് ഈ തീരുമാനത്തെ പറ്റി ക്രുണാല്‍ പാണ്ഡ്യ മത്സരശേഷം പറഞ്ഞത്. ഈ വാദത്തെയും സെവാഗ് രൂക്ഷമായി വിമര്‍ശിച്ചു. ചെന്നൈയില്‍ 319 റണ്‍സ് അടിച്ച എനിക്കും അവിടെ മികച്ച റെക്കോര്‍ഡ് ഉണ്ട്. പക്ഷേ ഇന്നും ഞാനവിടെ പോയി സ്‌കോര്‍ ചെയ്യുമെന്ന് കരുതുന്നതില്‍ അര്‍ഥമില്ല. നിലവിലെ ഫോമില്‍ പ്രധാനമാണ്. ലഖ്‌നൗ സ്വന്തം കാലില്‍ തന്നെ വെടിവെച്ചതായാണ് എനിക്ക് തോന്നിയത്. സെവാഗ് പറഞ്ഞു. കഴിഞ്ഞ സീസണില്‍ എല്‍എസ്ജിക്ക് വേണ്ടി 15 മത്സരങ്ങളില്‍ നിന്ന് 36.29 ശരാശരിയില്‍ 508 റണ്‍സാണ് ഡികോക്ക് നേടിയത്. ഈ സീസണില്‍ ആകെ നാല് മത്സരങ്ങള്‍ മാത്രം കളിച്ച താരം 140 റണ്‍സ് നേടിയിരുന്നു.