WTC Point Table: ശ്രീലങ്കക്കെതിരെ തകര്‍പ്പന്‍ വിജയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് പട്ടിക മാറ്റിമറിച്ച് ദക്ഷിണാഫ്രിക്ക

South africa Team
അഭിറാം മനോഹർ| Last Modified ഞായര്‍, 1 ഡിസം‌ബര്‍ 2024 (10:55 IST)
ശ്രീലങ്കക്കെതിരായ ഡര്‍ബന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ 233 റണ്‍സിന്റെ വമ്പന്‍ വിജയം സ്വന്തമാക്കിയതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് റാങ്കിംഗില്‍ രണ്ടാമതെത്തി ദക്ഷിണാഫ്രിക്ക. മത്സരത്തില്‍ രണ്ടാം ഇന്നിങ്ങ്‌സില്‍ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 516 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്കന്‍ ഇന്നിങ്ങ്‌സ് 282 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. റണ്‍സിന്റെ അടിസ്ഥാനത്തില്‍ ശ്രീലങ്കക്കെതിരെ ദക്ഷിണാഫ്രിക്ക നേടുന്ന രണ്ടാമത്തെ വലിയ വിജയമാണിത്. സ്‌കോര്‍: ദക്ഷിണാഫ്രിക്ക 191,366-6, ശ്രീലങ്ക 42,282

ആദ്യ ഇന്നിങ്ങ്‌സില്‍ ശ്രീലങ്കയെ വെറും 42 റണ്‍സിന് പുറത്താക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്കായിരുന്നു. 7 വിക്കറ്റുകളോടെ മാര്‍ക്കോ യാന്‍സനായിരുന്നു ശ്രീലങ്കയെ തകര്‍ത്തത്. രണ്ടാം ഇന്നിങ്ങ്‌സില്‍ ദക്ഷിണാഫ്രിക്കയ്ക്കായി മാര്‍ക്കോ യാന്‍സന്‍ നാലും റബാഡ, കോട്‌സി, മഹാരാജ് എന്നിവര്‍ 2 വിക്കറ്റ് വീതവും വീഴ്ത്തി. ശ്രീലങ്കന്‍ നിയയില്‍ 83 റണ്‍സുമായി ദിനേശ് ചണ്ഡിമല്‍, 59 റണ്‍സുമായി ധനഞ്ജയ ഡിസില്‍വ എന്നിവര്‍ മാത്രമാണ് പിടിച്ചുനിന്നത്. 9 ടെസ്റ്റില്‍ അഞ്ച് ജയവും 3 തോല്‍വിയുമായി 59.26 വിജയശതമാനവുമായി ദക്ഷിണാഫ്രിക്ക നിലവില്‍ രണ്ടാം സ്ഥാനത്താണ്. 15 ടെസ്റ്റില്‍ 9 വിജയവും 5 തോല്‍വികളും ഒരു സമനിലയുമടക്കം 61.11 വിജയശതമാനമുള്ള ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. 57.69 പോയന്റ് ശതമാനമുള്ള ഓസ്‌ട്രേലിയ ലിസ്റ്റില്‍ മൂന്നാം സ്ഥാനത്താണ്. പെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യയ്‌ക്കെതിരെ തോല്‍വി വഴങ്ങിയതാണ് ഓസ്‌ട്രേലിയയ്ക്ക് തിരിച്ചടിയായത്.


ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നതോടെ അഡലെയ്ഡില്‍ നടക്കുന്ന രണ്ടാം ടെസ്റ്റ് മത്സരം ഇന്ത്യയ്ക്കും ഓസ്‌ട്രേലിയയ്ക്കും നിര്‍ണായകമായി. പെര്‍ത്തില്‍ തോറ്റ ഓസ്‌ട്രേലിയ അഡലെയ്ഡിലും തോല്‍ക്കുകയാണെങ്കില്‍ അത് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താനുള്ള ഓസീസ് സാധ്യതകളെ ബാധിക്കുമെന്ന് ഉറപ്പാണ്. അതേസമയം അഡലെയ്ഡില്‍ പരാജയപ്പെട്ടാല്‍ ഇന്ത്യയുടെ നിലവിലെ ഒന്നാം സ്ഥാനം നഷ്ടമാവുകയും ചെയ്യും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :