നിങ്ങളുടെ ഈഗോ കാരണം നശിക്കുന്നത് സഞ്ജുവിന്റെ കരിയറാണ്, കെസിഎയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ശശി തരൂര്‍

Sanju- shashi tharoor
അഭിറാം മനോഹർ| Last Modified ഞായര്‍, 19 ജനുവരി 2025 (08:53 IST)
Sanju- shashi tharoor
മലയാളി താരം സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താത്തതിൽ കേരള ക്രിക്കറ്റ് അസോസിയേഷനെ രൂക്ഷഭാഷയിൽ വിമർശിച്ച് എം പി. കേരള ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളുടെ ഈഗോ സഞ്ജുവിൻ്റെ കരിയർ തകർക്കുകയാണെന്ന് ശശി തരൂർ പറഞ്ഞു.

വിജയ് ഹസാരെ ട്രോഫിക്ക് മുന്നോടിയായി നടന്ന പരിശീലന ക്യാമ്പിൽ പങ്കെടുക്കാനാവില്ലെന്ന് സഞ്ജു കേരള ക്രിക്കറ്റ് അസോസിയേഷനെ മുൻകൂട്ടി അറിയിച്ചതാണ്. പിന്നീട് വിജയ് ഹസാരെ ട്രോഫിയിൽ കളിക്കാൻ സന്നദ്ധത അറിയിച്ച് കെസിഎയ്ക്ക് കത്തയക്കുകയും ചെയ്തു. എന്നിട്ടും വിജയ് ഹസാരെ ട്രോഫിക്കുള്ള ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയില്ല. നിലവിൽ കളിക്കാർ ആഭ്യന്തര ക്രിക്കറ്റിൽ കളിക്കണമെന്ന്
ബിസിസിഐ കർശന നിബന്ധന വെച്ചിരിക്കെയാണ് കെസിഎയുടെ ഈ നടപടിയുണ്ടായത്. ഇതോടെയാണ് കെസിഎയ്ക്കെതിരെ വിമർശനവുമായി ശശി തരൂർ എം പി രംഗത്തെത്തിയത്. ഭാരവാഹികളുടെ ഈഗോ കാരണം നാശമാകുന്നത് സഞ്ജുവിൻ്റെ കരിയറാണെന്നും സഞ്ജുവിനെ തഴഞ്ഞതിലൂടെ വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിൻ്റെ സാധ്യത കൂടിയാണ് കെസിഎ തകർത്തതെന്നും ശശി തരൂർ എം പി എക്സ് പോസ്റ്റിൽ പറഞ്ഞു.


വിജയ് ഹസാരെ ടൂർണമെൻ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ(212*) സഞ്ജുവിൻ്റെ പേരിലാണ്. സമീപകാലത്തായി മിന്നുന്ന ഫോമിലുള്ള സഞ്ജു ടി20 ഫോർമാറ്റിൽ ബംഗ്ലാദേശിനെതിരെയും ദക്ഷിണാഫ്രിക്കയ്ക്കെതിരെയും തകർപ്പൻ പ്രകടനങ്ങളാണ് നടത്തിയിരുന്നത്. ഏകദിന ഫോർമാറ്റിലേക്ക് പരിഗണിക്കപ്പെടാൻ ആഭ്യന്തര ടൂർണമെൻ്റിലെ പ്രകടനം നിർണായകമാണ് എന്നിരിക്കെയാണ് കെസിഎയുടെ നിലപാട് കാരണം സഞ്ജുവിന് ഈ അവസരം നഷ്ടമായത്. ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൻ്റെ വിക്കറ്റ് കീപ്പർമാരായി കെ എൽ രാഹുലും റിഷഭ് പന്തുമാണ് ഇടം നേടിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :