2022ൽ വിക്കറ്റ് കീപ്പറെന്ന നിലയിൽ ഏറ്റവും മികച്ചവൻ സഞ്ജു: കണക്കുകൾ കാര്യം പറയട്ടെ

അഭിറാം മനോഹർ| Last Modified ബുധന്‍, 7 സെപ്‌റ്റംബര്‍ 2022 (18:54 IST)
ഏഷ്യാകപ്പ് ടൂർണമെൻ്റിലെ സൂപ്പർ ഫോറിലെ മോശം പ്രകടനത്തോടെ ഇന്ത്യയുടെ ലോകകപ്പ് ടീമിനെ പറ്റി വീണ്ടും ചർച്ചകൾ നിറയുകയാണ്. നിലവിലെ ടീമിനെ വെച്ച് ടി20 ലോകകപ്പ് പോലുള്ള ടൂർണമെൻ്റിൽ കാര്യമായ നേട്ടം ഉണ്ടാക്കാനാവില്ലെന്നാണ് വിമർശകർ പറയുന്നത്. ഓപ്പണിങ് റോളിൽ കെ എൽ രാഹുലിന് വേണ്ടത്ര തിളങ്ങാനാവാത്തതും മികച്ച തുടക്കം ലഭിച്ചില്ലെങ്കിൽ മധ്യനിര എക്സ്പോസ് ആകുന്നതും ഇന്ത്യയ്ക്ക് തലവേദനയാണ്.

ബുമ്രയും ദീപക് ചാഹറും തിരിച്ചെത്തുന്നതോടെ ബൗളിങ്ങിൽ ശക്തി വീണ്ടെടുക്കാമെന്നുള്ള ആത്മവിശ്വാസം ഇന്ത്യയ്ക്കുണ്ട്. വിക്കറ്റ് ബാറ്ററായി റിഷഭ് പന്ത് പരാജയമായതൊടെ ലോകകപ്പ് ടീമിലേക്ക് സഞ്ജുവിന് വിളിയെത്തുമോ എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. 2022ലെ കണക്കുകളെടുത്താൽ നിലവിലെ നാല് വിക്കറ്റ് കീപ്പർ ഓപ്ഷനുകളിൽ മികച്ച പ്രകടനം സഞ്ജുവിൻ്റെ പേരിലാണ്.

ടീമിലെ ഒന്നാം ഓപ്ഷനായ റിഷഭ് പന്ത് 2022ൽ 134.1 പ്രഹരശേഷിയിൽ 291 റൺസാണ് നേടിയത്. 24.25 ബാറ്റിങ് ശരാശരിയിലാണ് പന്തിൻ്റെ പ്രകടനം. ടീമിലെ രണ്ടാമത്തെ വിക്കറ്റ് കീപ്പർ ഓപ്ഷനായും സ്പെഷ്യലിസ്റ്റ് ഫിനിഷറായും കണക്കാക്കുന്ന ദിനേഷ് കാർത്തിക് 2022ൽ നേടിയത് 193 റൻസാണ്. എന്നാൽ പ്രഹരശേഷിയിൽ പന്തിനും താഴെ 133.3 ൽ ആണ് കാർത്തിക് റൺസ് കണ്ടെത്തുന്നത്.

ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പർ ഓപ്ഷനായ ഇഷാൻ കിഷൻ 2022ൽ 30.7 ശരാശരിയിൽ 430 റൺസാണ് നേടിയത്. 130 എന്ന പ്രഹരശേഷിയിലാണ് കിഷൻ്റെ പ്രകടനം. മലയാളി താരമായ സഞ്ജുവാണ് പ്രഹരശേഷിയിലും ബാറ്റിങ് ശരാശരിയിലും മറ്റ് താരങ്ങളേക്കാൾ മുന്നിലുള്ളത്. 158.4 പ്രഹരശേഷിയിൽ 179 റൺസാണ് സഞ്ജു ഈ വർഷം നേടിയത്. 44.75 എന്ന മികച്ച ശരാശരിയിലാണ് സഞ്ജുവിൻ്റെ റൺനേട്ടം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :