ക്യാപ്‌റ്റൻസി അര‌ങ്ങേറ്റത്തിൽ അഞ്ച് വിക്കറ്റ്, ഇതിഹാസങ്ങൾക്കൊപ്പം ഇടം നേടി പാറ്റ് കമ്മിൻസ്

അഭിറാം മനോഹർ| Last Modified ബുധന്‍, 8 ഡിസം‌ബര്‍ 2021 (11:57 IST)
ടെസ്റ്റ് നായകനായുള്ള അരങ്ങേറ്റ ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി ഓസീസ് പേസർ പാറ്റ് കമ്മിൻസ്. ആഷസിൽ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലാണ് അഞ്ച് വിക്കറ്റുമായി കമ്മിൻസ് ചരിത്രം സൃഷ്‌ടിച്ചത്.ഇതോടെ ക്യാപ്റ്റന്‍മാരായി അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ബൗളര്‍മാരുടെ അപൂര്‍വ പട്ടികയില്‍ ഇടംപിടിക്കാന്‍ ഓസീസ് പേസര്‍ക്കായി.

ഗാബ ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സിൽ 147 റൺസിനാണ് ഇംഗ്ലണ്ട് നിര കൂടാരം കയറിയത്. 13.1 ഓവറിൽ 38 റൺസ് വിട്ടുകൊടുത്താണ് കമ്മിൻസിന്റെ പ്രകടനം. അപകടകാരിയായ ബെൻ‌ സ്റ്റോക്‌സ്, ഹസീബ് ഹമീദ്(25), ക്രിസ് വോക്‌സ്(21), ഓലി റോബിന്‍സണ്‍(0), മാര്‍ക്ക് വുഡ്(8) എന്നിവരെയാണ്ണ കമ്മിൻസ് പുറത്താക്കിയത്.

അഫ്‌ഗാനിസ്ഥാന്‍ നായകന്‍ റാഷിദ് ഖാന് ശേഷം ടെസ്റ്റ് ക്യാപ്റ്റന്‍സി അരങ്ങേറ്റത്തില്‍ അഞ്ച് വിക്കറ്റ് തികയ്‌ക്കുന്ന ആദ്യ ബൗളറാണ് പാറ്റ് കമ്മിന്‍സ്.
2019ല്‍ ബംഗ്ലാദേശിന് എതിരെ അന്ന് രണ്ടിന്നിങ്സുകളിലും റാഷിദ് 5 വിക്കറ്റുകൾ നേടിയിരുന്നു. ഇന്ത്യയുടെ അനില്‍ കുംബ്ലെ, വെസ്റ്റ് ഇന്‍ഡീസിന്‍റെ കോർട്‌ണി വാൽ‌ഷ്, ന്യൂസിലന്‍ഡിന്‍റെ ഡാനിയേല്‍ വെട്ടോറി എന്നിവരാണ് ഇതിന് മുൻപ് നായകനായുള്ള തങ്ങളുടെ അരങ്ങേറ്റ മത്സരത്തിൽ അഞ്ച് വിക്കറ്റ് സ്വന്തമാക്കിയിട്ടുള്ള മറ്റ് ബൗളർമാർ.

കമ്മിന്‍സിന്‍റെ അഞ്ചിന് പുറമെ മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹേസല്‍വുഡും രണ്ട് വീതവും കാമറോണ്‍ ഗ്രീന്‍ ഒന്നും വിക്കറ്റ് നേടി. ഗ്രീനിന്റെ കന്നി വിക്കറ്റ് കൂടിയാണിത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :