"തല പുകയ്‌ക്കാൻ തലയെത്തി", ഇന്ത്യൻ ടീമിന് വേണ്ടി തന്ത്രങ്ങൾ മെനയുക ധോണി

അഭിറാം മനോഹർ| Last Modified ബുധന്‍, 8 സെപ്‌റ്റംബര്‍ 2021 (21:49 IST)
ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ മെന്ററായി മുൻ നായകൻ എംഎസ് ധോണിയെ തിരെഞ്ഞെടുത്തു. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ഇക്കാര്യം അറിയിച്ചത്, ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജയ് ഷാ ധോണിയെ ലോകകപ്പ് ടീമിന്റെ ഉപദേഷ്ടാവാക്കിയ കാര്യം ട്വീറ്റ് ചെയ്തത്.

2007ൽ ധോണിയുടെ നായകത്വത്തിന് കീഴിലായിരുന്നു ഇന്ത്യ ആദ്യമായി ടി20 ലോകകപ്പ് വിജയിച്ചത്. ഐപിഎല്ലിൽ ചെന്നൈ നായകനായി മികച്ച റെക്കോഡാണ് താരത്തിനുള്ളത്. യുഎഇയില്‍ നടക്കുന്ന ഐപിഎല്‍ മത്സങ്ങള്‍ക്കുശേഷമാകും ധോണി ഇന്ത്യന്‍ ടീമിനൊപ്പം ചേരുക. ഇന്ത്യയ്ക്ക് 3 ഐസിസി കിരീടങ്ങൾ സമ്മാനിച്ച നായകനായ ധോണിയുടെ തന്ത്രങ്ങൾ തന്നെയാകും ഇത്തവണ ഇന്ത്യൻ ടീമിന് കരുത്താവുക.

2007ലെ ടി20 ലോകകപ്പിന് പിന്നാലെ 2011ലെ ഏകദിന ലോകകപ്പിലും 2013ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലും ഇന്ത്യ ധോണിയുടെ നായകത്വത്തിന് കീഴിൽ വിജയിച്ചിരുന്നു. ധോണിയും കോലിയും തമ്മിലുള്ള അടുത്ത സൗഹൃദവും ടീമിന് ഉണർവേകും. അതേസമയം നീണ്ട നാലുവർഷത്തെ ഇടവേ‌ളയ്ക്ക് ശേഷമാണ് രവിചന്ദ്ര അശ്വിൻ ഇന്ത്യൻ ടി20 ടീമിൽ ഇടം നേടുന്നത്.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ നാലു മത്സരങ്ങളിലും അശ്വിനെ കളിപ്പിക്കാതിരുന്നതിനെച്ചൊല്ലി വലിയ വിമര്‍ശനം ഉയരുന്നതിനിടെയാണ് അശ്വിനെ ടീമിലുള്‍പ്പെടുത്തി സെലക്ടര്‍മാര്‍ വമ്പന്‍ പ്രഖ്യാപനം നടത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :