Kolkata Knight Riders vs Royal Challengers Bengaluru: കോലി കഷ്ടപ്പെട്ട് അടിച്ചത് സിംപിളായി തൂക്കി കൊല്‍ക്കത്ത ! ആര്‍സിബിക്ക് രണ്ടാം തോല്‍വി

തുടക്കം മുതല്‍ ആക്രമിച്ചു കളിക്കുകയായിരുന്നു കൊല്‍ക്കത്ത

Kolkata Knight Riders
രേണുക വേണു| Last Modified ശനി, 30 മാര്‍ച്ച് 2024 (08:27 IST)
Kolkata Knight Riders

Kolkata Knight Riders vs Royal Challengers Bengaluru: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് രണ്ടാം തോല്‍വി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ആര്‍സിബി തോറ്റത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ 16.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്ത വിജയം സ്വന്തമാക്കി. സുനില്‍ നരെയ്‌നാണ് കളിയിലെ താരം.

തുടക്കം മുതല്‍ ആക്രമിച്ചു കളിക്കുകയായിരുന്നു കൊല്‍ക്കത്ത. സുനില്‍ നരെയ്‌നും (22 പന്തില്‍ 47), ഫിലിപ്പ് സാള്‍ട്ടും (20 പന്തില്‍ 30) ചേര്‍ന്ന് കൊല്‍ക്കത്തയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചു. പിന്നാലെ വന്ന വെങ്കടേഷ് അയ്യര്‍ 30 പന്തില്‍ മൂന്ന് ഫോറും നാല് സിക്‌സും സഹിതം 50 റണ്‍സ് നേടി. നായകന്‍ ശ്രേയസ് അയ്യര്‍ 24 പന്തില്‍ 39 റണ്‍സുമായി പുറത്താകാതെ നിന്നു. ആര്‍സിബിയുടെ പ്രധാന ബൗളറായ മുഹമ്മദ് സിറാജ് മൂന്ന് ഓവറില്‍ 46 റണ്‍സാണ് വഴങ്ങിയത്.

ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരുവിന് വേണ്ടി വിരാട് കോലി 59 പന്തില്‍ നാല് ഫോറും നാല് സിക്‌സും സഹിതം 83 റണ്‍സുമായി പുറത്താകാതെ നിന്നു. കാമറൂണ്‍ ഗ്രീന്‍ 21 പന്തില്‍ 33 റണ്‍സും ഗ്ലെന്‍ മാക്‌സ്വെല്‍ 19 പന്തില്‍ 28 റണ്‍സും നേടി.

മൂന്ന് മത്സരങ്ങള്‍ കഴിയുമ്പോള്‍ രണ്ടിലും തോറ്റ ആര്‍സിബി പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :