Kane Williamson: ടെസ്റ്റില്‍ അതിവേഗം 9,000 റണ്‍സ്; വിരാട് കോലി, ജോ റൂട്ട് എന്നിവരെ മറികടന്ന് കെയ്ന്‍ വില്യംസണ്‍

103 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നാണ് വില്യംസണ്‍ 9,000 റണ്‍സ് നേടിയത്

Kane Williamson
രേണുക വേണു| Last Modified ശനി, 30 നവം‌ബര്‍ 2024 (13:42 IST)
Kane Williamson

Kane Williamson: ടെസ്റ്റ് ക്രിക്കറ്റില്‍ 9,000 റണ്‍സ് ക്ലബില്‍ ഇടംപിടിച്ച് ന്യൂസിലന്‍ഡ് താരം കെയ്ന്‍ വില്യംസണ്‍. ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിലാണ് വില്യംസണ്‍ ഈ നേട്ടം സ്വന്തമാക്കിയത്. അതിവേഗം 9,000 റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് വില്യംസണ്‍. ഇന്ത്യയുടെ വിരാട് കോലി, ഇംഗ്ലണ്ട് താരം ജോ റൂട്ട് എന്നിവരെ വില്യംസണ്‍ മറികടന്നു.

103 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നാണ് വില്യംസണ്‍ 9,000 റണ്‍സ് നേടിയത്. 99 ടെസ്റ്റുകളില്‍ നിന്ന് ഈ നേട്ടം സ്വന്തമാക്കിയ ഓസീസ് താരം സ്റ്റീവ് സ്മിത്താണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുള്ള വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ 101 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നാണ് 9,000 റണ്‍സ് തികച്ചത്. 103 മത്സരങ്ങളില്‍ നിന്ന് ഈ നേട്ടം സ്വന്തമാക്കിയ ശ്രീലങ്കയുടെ മുന്‍ താരം കുമാര്‍ സംഗക്കാര, പാക്കിസ്ഥാന്‍ മുന്‍ താരം യൂനിസ് ഖാന്‍ എന്നിവര്‍ക്കൊപ്പമാണ് വില്യംസണ്‍ മൂന്നാം സ്ഥാനം പങ്കിടുന്നത്.

വിരാട് കോലി 9,000 റണ്‍സ് നേടിയത് 116 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നാണ്. ജോ റൂട്ട് ആകട്ടെ 107 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് ഈ നേട്ടം കൈവരിച്ചു. രാഹുല്‍ ദ്രാവിഡ് (104), റിക്കി പോണ്ടിങ് (106), മഹേള ജയവര്‍ധനെ (108), ജാക്വസ് കാലിസ് (110), സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (111) എന്നിവരും അതിവേഗം 9,000 ടെസ്റ്റ് റണ്‍സ് സ്വന്തമാക്കിയ താരങ്ങളുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഉണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :