2024ലെ ഐപിഎല്ലിൽ മുംബൈ നായകൻ ഹാർദ്ദിക് തന്നെ, ജിമ്മിൽ പരിശീലനം ആരംഭിച്ച് താരം

അഭിറാം മനോഹർ| Last Modified ചൊവ്വ, 2 ജനുവരി 2024 (18:42 IST)
ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ കണങ്കാലിന് പരിക്കേറ്റ പുറത്തായ ഇന്ത്യന്‍ താരം ഹാര്‍ദ്ദിക് പാണ്ഡ്യ ജിമ്മില്‍ വ്യായാമം ആരംഭിച്ചു. ജിമ്മില്‍ വ്യായാമം ചെയ്യുന്നതിന്റെ വീഡിയോ ഹാര്‍ദ്ദിക് പാണ്ഡ്യ തന്നെയാണ് പുറത്തുവിട്ടത്. ലോകകപ്പില്‍ പരിക്കേറ്റതിന് പിന്നാലെ നടന്ന ഓസീസിനെതിരായ പരമ്പരയും ദക്ഷിണാഫ്രിക്കന്‍ പരമ്പരയും താരത്തിന് നഷ്ടമായിരുന്നു.

പരിക്കിനെ തുടര്‍ന്ന് ദേശീയ ടീമില്‍ നിന്നും മാറിനില്‍ക്കുന്ന താരത്തിന് ഏപ്രില്‍ മെയ് മാസങ്ങളില്‍ നടക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ നഷ്ടമാകുമെന്നായിരുന്നു ഇതുവരെയുണ്ടായിരുന്ന സൂചന. എന്നാല്‍ താരം ജിമ്മില്‍ തിരിച്ചെത്തിയതോടെ 2024ല്‍ ഐപിഎല്ലില്‍ തന്നെ താരത്തെ കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നും ട്രേഡിലൂടെ മുംബൈയില്‍ തിരിച്ചെത്തിയ ഹാര്‍ദ്ദിക്കിനെ മുംബൈ തങ്ങളുടെ നായകനാക്കി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ രോഹിത് ശര്‍മയെ നായകസ്ഥാനത്ത് നിന്നും നീക്കം ചെയ്തുകൊണ്ടുള്ള മുംബൈയുടെ നീക്കത്തില്‍ ഒരു വിഭാഗം ആരാധകരില്‍ നിന്നും വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്.

ഹാര്‍ദ്ദിക്കിനെ മുംബൈ നായകനാക്കുന്നതില്‍ മുംബൈയിലെ സീനിയര്‍ താരങ്ങളായ സൂര്യകുമാര്‍ യാദവിനും ജസ്പ്രീത് ബുമ്രയ്ക്കും അതൃപ്തിയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനിടെയാണ് ഹാര്‍ദ്ദിക് ജിമ്മിലെത്തി വ്യായാമം ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവിട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :