വെബ്ദുനിയ ലേഖകൻ|
Last Modified ബുധന്‍, 1 ഏപ്രില്‍ 2020 (12:32 IST)
മുന്‍ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയില്‍ ലഭിച്ചിരുന്ന പിന്തുണ പിന്നീട് ക്യാപ്റ്റൻമാരാായ മഹേന്ദ്ര സിങ് ധോണിയിൽനിന്നും വിരാട് കോഹിയിൽനിന്നും ലഭിച്ചില്ല എന്ന് തുറന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓൾറൗണ്ടറായ യുവ്‌രാജ് സിങ്. സ്റ്റാർ സ്പോർട്ട്സിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നുപറഞ്ഞത്.
'വലിയ പിന്തുണയാണ് ഗാംഗുലിയ്ക്ക് കീഴിൽ കളിച്ചിരുന്ന സമയത്ത് എനിക്ക് ലഭിച്ചിരുന്നത്. പിന്നീട് മഹി ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തു. രണ്ടുപേരില്‍ മികച്ചയാളെ തിരഞ്ഞെടുക്കുക എന്നത് ബുദ്ധിമുട്ടാണ്. പക്ഷേ ഗാംഗുലിക്ക് കീഴിൽ എനിക്ക് കരിയറില്‍ ഒരുപാട് ഓര്‍മകളുണ്ട്. അദ്ദേഹം നല്‍കിയിരുന്ന പിന്തുണ തന്നെയാണ് അതിന് കാരണം. ഗാംഗുലി നല്‍കിയിരുന്ന അത്ര വലിയ പിന്തുണ പിന്നീട് മഹിയില്‍ നിന്നോ വിരാടില്‍ നിന്നോ എനിക്ക് ലഭിച്ചിട്ടില്ല', യുവ്‌രാജ് പറഞ്ഞു.
2000ലെ ചാമ്പ്യൻസ് ട്രോഫിയിൽ ഗാംഗുലിയ്ക്ക് കീഴിലാണ് യുവ്‌രാജ് സിങ് ആദ്യമായി ഇന്ത്യക്കായി കളിക്കുന്നത്. ദ്രാവിഡ്, വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, ധോനി, കോഹ്‌ലി
എന്നിവരുടെ ക്യാപ്റ്റൻസിയിലും പിന്നീട് യുവി കളിച്ചിട്ടുണ്ട്. എന്നാൽ യുവിയുടെ കരിയറിൽ ഏറ്റവുമധികം ഏകദിന റൺസ് പിറന്നിട്ടുള്ളത് ധോണിയുടെ നായകത്വത്തിന് കീഴിലാണ്. 104 ഏകദിനങ്ങളില്‍ നിന്ന് 37 ശരാശരിയില്‍ 3,077 റണ്‍സാണ് താരം നേടിയത്. ഇന്ത്യക്കായി 304 ഏകദിനങ്ങളാണ് യുവ്‌രാജ് സിങ് കളിച്ചിട്ടുള്ളത്. ഇതിൽ 110 മത്സരങ്ങൾ കളിച്ചത് ഗാംഗുലിയ്ക്ക് കീഴിലാണ്. 2640 റണ്‍സാണ് ദാദയ്ക്ക് കീഴിൽ യുവരാജ് നേടിയിട്ടുള്ളത്.