പെര്‍ത്തില്‍ അഫ്ഗാന്‍ ട്രാജഡി, ഓസീസിന് ചരിത്ര വിജയം

പെര്‍ത്ത്‌| vishnu| Last Modified ബുധന്‍, 4 മാര്‍ച്ച് 2015 (20:47 IST)
വരുന്നവരുടെ മുഴുവനും തല്ലുവാങ്ങിക്കൂട്ടുകയായിരുന്നു അഫ്ഗാന്‍ ബൌളര്‍മാര്‍. തലങ്ങും വെലങ്ങും പന്തുകള്‍ അടിച്ച് അഫ്ഗാന്‍ ബൌളര്‍മാരെ നിര്‍ദ്ദയം പ്രഹരിക്കുകയായിരുന്നു ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്മാര്‍. ആദ്യം ഓപ്പണര്‍ വാര്‍ണറുടെ സംഹാരതാണ്ഡവം പിന്നീട്‌ മിച്ചല്‍ ജോണ്‍സന്റെ ഉപസംഹാരം. ലോകകപ്പിലെ ഓസ്‌ട്രേലിയ അഫ്‌ഗാനിസ്‌ഥാന്‍ പോരാട്ടത്തെ മൊത്തത്തില്‍ ഇങ്ങിനെ പറയാം.
വാര്‍ണറുടെ തകര്‍പ്പന്‍ സെഞ്ച്വറിക്കൊപ്പം ജോണ്‍സന്റെ ഉജ്വല ബൗളിംഗ്‌ കൂടി ചേര്‍ന്നതോടെ അഫ്‌ഗാനിസ്‌ഥാന്‍ ചാരമായി. 275 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ്‌ ഓസ്‌ട്രേലിയ നേടിയത്‌.

വെടിക്കെട്ട് താരം ഡേവിഡ് വാര്‍ണറുടെ (178) സെഞ്ചുറിയുടെ കരുത്തില്‍ മികച്ച ടോട്ടലിലിലേക്ക് നീങ്ങിയ മഞ്ഞപ്പടയെ കൂറ്റന്‍ അടികളിലൂടെ ഗ്ലെന്‍ മാക്‍സ്‌വെല്‍ (39 പന്തില്‍ 88) വമ്പന്‍ ടോട്ടലില്‍ എത്തിക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്‌ടത്തില്‍ 417 റണ്‍സാണ് ഓസീസ് നേടിയത്. 133 പന്തില്‍ 19 ഫോറും 5 സിക്‍സറുകളും നേടിയാണ് വാര്‍ണര്‍ സെഞ്ചുറി നേടിയത്. ടോസ് നേടിയ അഫ്ഗാനിസ്താന്‍ ഓസ്ട്രേലിയയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. എന്നാല്‍ മറുപടി നല്‍കാനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ താരങ്ങളെ ജോണ്‍സണ്‍ എറിഞ്ഞിടുകയായിരുന്നു. അഫ്ഗാന്റെ മുന്നിരയെ തകര്‍ത്ത് പൊടിച്ചത് ജോണ്‍സന്റ് ബൌളിംഗായിരുന്നു. അതൊടെ അഫ്‌ഗാനിസ്‌ഥാന്റെ മറുപടി 37.3 ഓവറില്‍ 142 ല്‍ അവസാനിച്ചു.

ആദ്യം ബാറ്റ് ചെയ്ത് ഓസീസ് കൂറ്റന്‍ സ്‌കോര്‍ മനസില്‍ കണ്ടാണ് ഇറങ്ങിയത്. ഓസീസ് ഓപ്പണര്‍മാര്‍ക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടി ലഭിച്ചു. മൂന്നാം ഓവറില്‍ ഫിഞ്ച് (4) മടങ്ങുകയായിരുന്നു. എന്നാല്‍ ഇതൊന്നും ശ്രദ്ദിക്കാതെ മറുവശത്ത് പതിവ് പോലെ അടിച്ചു തകര്‍ത്ത വാര്‍ണര്‍ അഫ്‌ഗാന്‍ ബോളര്‍മാരെ തല്ലിച്ചതയ്ക്കുകയായിരുന്നു. വാര്‍ണര്‍ക്ക്‌ പുറമേ സ്‌മിത്ത്‌, മാക്‌സ്വെല്‍ എന്നിവരുടെ അര്‍ദ്ധശതകങ്ങളും ഹാഡിന്‍ പുറത്താകാതെ നേടിയ 20 റണ്‍സുമായിരുന്നു ഓസീസ്‌ ഇന്നിംഗ്‌സിന്റെ കാതല്‍.

133 പന്തുകള്‍ നേരിട്ട വാര്‍ണര്‍ 19 ബൗണ്ടറിയും അഞ്ചു സിക്‌സറും പറത്തി നേടിയത്‌ 178 റണ്‍സായിരുന്നു. 98 പന്തില്‍ 95 റണ്‍സെടുത്ത സ്‌മിത്തും കേവലം 39 പന്തുകളില്‍ 88 റണ്‍സെടുത്ത മാക്‌സ്വെല്ലും സ്‌കോറിംഗിന്റെ വേഗം തരിമ്പും കുറച്ചില്ല. ആറു ബൗണ്ടറികളും ഏഴു സിക്‌സുകളും മാക്‌സ്വെല്ലിന്റെ ബാറ്റില്‍ നിന്നും പറന്നു. എന്നാല്‍ വാര്‍ണര്‍ക്ക് പിന്തുണ നല്‍കുക എന്ന കടമ മാത്രമാണ് സ്‌മിത്തിന് ഉണ്ടായിരുന്നത്. ഇരുവരും ചേര്‍ന്ന് 260 റണ്‍സിന്റെ കൂട്ടുക്കെട്ട് പടുത്തുയര്‍ത്തിയ ശേഷമായിരുന്നു വാര്‍ണര്‍ പുറത്തായത്. പിന്നാലെ ക്രീസിലെത്തിയ മാക്‍സ്‌വെല്‍ സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തിലായിരുന്നു. മാക്‍സ്‌വെല്‍ സ്‌മിത്ത് സഖ്യം 65 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് ചേര്‍ത്തത്. സെഞ്ചുറിക്ക് അഞ്ച് റണ്‍സ് അകലെവെച്ച് സ്‌മിത്ത് (95) മടങ്ങുകയായിരുന്നു.

അഫ്‌ഗാന്‍ നിരയില്‍ 33 റണ്‍സെടുത്ത നവ്‌റോസ്‌ മംഗലാണ്‌ ടോപ്‌സ്കോറര്‍. ബൗളിംഗില്‍ 7.3 ഓവറില്‍ 25 റണ്‍സ്‌ വിട്ടുകൊടുത്ത്‌ നാലു വിക്കറ്റുകളാണ്‌ ജോണ്‍സണ്‍ കൊയ്‌തത്‌. അതേസമയം അഫ്ഗാന്‍ ബൌളര്‍മാര്‍ ഓസീസിന്റെ അടികൊണ്ട് ചതഞ്ഞരഞ്ഞു. കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ അടിവാങ്ങിയത് ദൗലത്ത്‌ സദ്രാനായിരുന്നു. പത്ത്‌ ഓവറില്‍ 101 റണ്‍സിന്‌ രണ്ടു വിക്കറ്റ്‌. ഇതോടെ ഈ ലോകകപ്പില്‍ സെഞ്ച്വറി റണ്‍സ്‌ വഴങ്ങുന്ന രണ്ടാമത്തെ ബൗളറായി സൗദ്രാന്‍ മാറി. അനുജന്‍ ഷാപൂര്‍ സൗദ്രാനും രണ്ടു വിക്കറ്റ്‌ കിട്ടിയെങ്കിലും 89 റണ്‍സ്‌ വഴങ്ങി. ഹമീദ്‌ ഹസന്‍ 70 മൊഹമ്മദ്‌ നബി 84 എന്നിങ്ങനെയായിരുന്നു റണ്‍സ് വഴങ്ങിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :