ഹൈദരാബാദ്|
WEBDUNIA|
Last Modified ശനി, 3 ജൂലൈ 2010 (11:28 IST)
PRO
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡി ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചതിന് പിന്നില്‍ അട്ടിമറി ഇല്ലെന്ന് സി ബി ഐയുടെ അന്വേഷണ റിപ്പോര്‍ട്ട്. പൈലറ്റിന്‍റെ പിഴവ് മൂലമാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ടതെന്നും സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സി ബി ഐ വ്യക്തമാക്കുന്നു. ഇന്നലെയാണ് അപകടത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് സി ബി ഐ സമര്‍പ്പിച്ചത്.
2009 സെപ്റ്റംബറില്‍ ആന്ധ്രാപ്രദേശിലെ കുര്‍നൂല്‍ ജില്ലയിലെ നല്ലമല വനപ്രദേശത്തുണ്ടായ അപകടത്തിലായിരുന്നു വൈ എസ് ആര്‍ റെഡ്ഡി കൊല്ലപ്പെട്ടത്. അപകടത്തിന് കൃത്യം 18 സെക്കന്‍ഡുകള്‍ക്ക് മുന്‍പ് പൈലറ്റ് അപായ സൈറണ്‍ മുഴക്കിയിരുന്നതായും സി ബി ഐ അന്വേഷണത്തില്‍ കണ്ടെത്തി.
രണ്ടിന് രാത്രി 9.23.30 നാണ് ഹെലികോപ്റ്റര്‍ എയര്‍ ട്രാഫിക് കണ്ട്രോള്‍ റഡാറില്‍ നിന്ന് അപ്രത്യക്ഷമായത്. 09.27.24 ന് കോപ്റ്ററിലെ സഹപൈലറ്റായിരുന്ന എം എസ് റെഡ്ഡി ആദ്യ അപായ സൈറണ്‍ മുഴക്കി. 09.27.42ന് ഹെലികോപ്റ്റര്‍ തകര്‍ന്നു വീഴുകയും ചെയ്തു. ‘ഗോ എറൌണ്ട്, ഗോ എറൌണ്ട് ആക്ഷന്‍’ എന്നായിരുന്നു പൈലറ്റ് അവസാനം പറഞ്ഞ വാക്കുകള്‍.
മോശം കാലാവസ്ഥയായിരുന്നിട്ടും മുന്നറിയിപ്പുകള്‍ അവഗണിച്ച് പറക്കാന്‍ തീരുമാനിച്ച പൈലറ്റിന്‍റെ തീരുമാനമാണ് അപകടത്തിന് പിന്നില്‍. അപകടത്തിന് കാരണം പൂര്‍ണമായും മാനുഷിക പിഴവാണെന്നും ഹെലികോപ്റ്ററിന്‍റെ കോപ്‌കിറ്റിലുള്ള വോയ്സ് റെക്കോര്‍ഡര്‍ പരിശോധിച്ചതില്‍ നിന്ന് വ്യക്തമായതായി സി ബി ഐ റിപ്പോര്‍ട്ട് പറയുന്നു.