മുതിര്‍ന്ന നേതാക്കളെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കാനുള്ള നടപടിയുടെ ഭാഗമായി ഉമാ ഭാരതിയും ബി ജെ പി യിലേക്ക് തിരിച്ചെത്തുന്നു. ജിന്ന വിവാദത്തെതുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ജസ്വന്ത് സിംഗിനെ പര്‍ട്ടിയിലേക്ക് തിരിച്ചെടുക്കാന്‍ കഴിഞ്ഞ ദിവസം ബി ജെ പി തീരുമാനിച്ചിരുന്നു.
അന്തരിച്ച ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍സിംഗിന്‍റെ പിതാവിന് ആദരാഞ്ജലി അര്‍പ്പിക്കാനായി ഇന്ന് ഡല്‍ഹിയില്‍ നിന്ന് ഛത്തീസ്ഗഡിലേക്ക് പോയ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം ഉമാഭാരതിയും ഉണ്ടായിരുന്നതാണ് അഭ്യൂഹങ്ങള്‍ക്ക് ശക്തിപകര്‍ന്നത്.
മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനി, രാജ്‌നാഥ് സിംഗ്, രവി ശങ്കര്‍ പ്രസാദ് എന്നിവര്‍ക്കൊപ്പമാണ് ഉമാഭാരതി ഛത്തീസ്ഗഡിലെത്തിയത്. ഇത് ഉമയുടെ പാര്‍ട്ടിയിലേക്കുള്ള തിരിച്ചുവരവ് അധികം വൈകില്ലെന്നുള്ളതിന്‍റെ വ്യക്തമായ സൂചനയാണ്. റായ്‌പൂര്‍ വിമാനത്താവളത്തില്‍ വിമാനമിറിങ്ങിയ നാലു നേതാക്കളും ഒരുമിച്ച് പ്രഭാത ഭക്ഷണവും കഴിച്ച ശേഷമാണ് രമണ്‍സിംഗിന്‍റെ വസതിയിലേക്ക് പോയത്.
കഴിഞ്ഞ മാസം ബി ജെ പി. അനുകൂല സംഘടനയായ യുണൈറ്റഡ് വളന്റിയര്‍ അസോസിയേഷന്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഉമാഭാരതി പങ്കെടുത്തിരുന്നു. പാര്‍ട്ടി നേതൃത്വത്തിനെതിരെ കലാപക്കൊടി ഉയര്‍ത്തിയതിനെത്തുടര്‍ന്ന് 2005ല്‍ ബിജെപി.യില്‍നിന്ന് പുറത്തായ ഉമാഭാരതി പിന്നീട് ഭാരതീയ ജനശക്തി പാര്‍ട്ടി എന്ന പേരില്‍ പുതിയ കക്ഷിക്ക് നേതൃത്വം നല്‍കിയിരുന്നു.
മധ്യപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വന്തം പാര്‍ട്ടിയുമായി മത്സരിക്കുകയും ചെയ്തിരുന്നു. ബി ജെ പി വിട്ട നേതാക്കള്‍ തിരിച്ചുവരണമെന്ന് അധ്യക്ഷപദവി ഏറ്റെടുത്തപ്പോള്‍ത്തന്നെ നിതിന്‍ ഗഡ്കരി വ്യക്തമാക്കിയിരുന്നു.