പശ്ചിമ ബംഗാളില്‍ മമതാ മുന്നേറ്റം

കൊല്‍ക്കത്ത| WEBDUNIA|
PTI
നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമി എന്ന് വിശേഷിപ്പിക്കുന്ന പശ്ചിമ ബംഗാള്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റം. ഇടതു മുന്നണിയുടെ കുത്തകയായിരുന്ന കൊല്‍ക്കത്തയും സാള്‍ട്ട്‌ലേക്കും പിടിച്ചുവാങ്ങിയാണ് തൃണമൂല്‍ മുന്നേറ്റം നടത്തുന്നത്.

കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 141 സീ‍റ്റില്‍ 95 ഉം തൃണമൂല്‍ സ്വന്തമാക്കി. ഇടതുമുന്നണിക്ക് 33 ഉം കോണ്‍ഗ്രസിന് 10ഉം ബിജെപിക്ക് മൂന്നും സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ബിധാന്‍ നഗര്‍ (സാള്‍ട്ട്‌ലേക്ക്) മുനിസിപ്പാലിറ്റിയില്‍ 25 സീറ്റില്‍ 16 എണ്ണം തൃണമൂല്‍ സ്വന്തമാക്കിയപ്പോള്‍ ഇടതുസഖ്യത്തിന് വെറും ഒമ്പത് സീറ്റാണ് ലഭിച്ചത്.

അവസാന വിവരം ലഭിക്കുമ്പോള്‍ സംസ്ഥാനത്ത് മൊത്തമുള്ള 81 മുനിസിപ്പാലിറ്റികളില്‍ 33 എണ്ണത്തില്‍ തൃണമൂല്‍ വിജയിച്ചു. ഇടതുപക്ഷത്തിന് 18ഉം കോണ്‍ഗ്രസിന് ഏഴും സീറ്റ് ലഭിച്ചു. 23 ഇടങ്ങളില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി 54 മുനിസിപ്പാലിറ്റികളുമായി ഭൂരിപക്ഷം തെളിയിച്ചിരുന്നു.

തൃണമൂലിനു ലഭിച്ച വന്‍ പിന്തുണയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജനഹിതം മാനിച്ച് രാജിവയ്ക്കണമെന്നും നേരത്തെയുള്ള തെരഞ്ഞെടുപ്പിനെ നേരിടണമെന്നും മമത ബാനര്‍ജി ആവശ്യപ്പെട്ടു. പരാജയം അംഗീകരിക്കുന്നതായി ഇടതു നേതാക്കള്‍ പറഞ്ഞു. കേന്ദ്ര മന്ത്രി പ്രണാബ് മുഖര്‍ജി തൃണമൂലിന്റെ വിജയത്തിന് ആശംസകള്‍ നല്‍കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :