മരണം കൂടുന്നു, ഉത്തരവാദിത്തം പിസിപി‌എയ്ക്ക്

കൊല്‍ക്കത്ത| WEBDUNIA|
PTI
പശ്ചിമ ബംഗാളില്‍ വെള്ളിയാഴ്ച രാവിലെ എക്സ്പ്രസ് ട്രെയിന്‍ പാളം തെറ്റി ഉണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 73 ആയി. ആക്രമണത്തിന്റെ ഉത്തരവാദിത്തം മാവോയിസ്റ്റ് പിന്തുണയുള്ള ‘പീപ്പിള്‍സ് കമ്മിറ്റി എഗന്‍സ്റ്റ് പൊലീസ് അട്രോസിറ്റീസ്’ (പിസിപി‌എ) ഏറ്റെടുത്തു. സ്ഫോടനത്തെ തുടര്‍ന്നുണ്ടായ അപകടത്തില്‍ 200 പേര്‍ക്കാണ് പരുക്ക് പറ്റിയത്.

പിസിപി‌എയുടെ പേരിലുള്ള രണ്ട് പോസ്റ്ററുകളും സ്ഫോടക വസ്തുക്കളും ഹൌറ-കുര്‍ള എക്സ്പ്രസ് ട്രെയിന്‍ അപകടം നടന്ന സ്ഥലത്തു നിന്ന് ലഭിച്ചതായി പൊലീസ് പറയുന്നു. മാവോയിസ്റ്റുകള്‍ക്കെതിരെയുള്ള സംയുക്ത സേനയെ പിന്‍‌വലിക്കാനും സിപി‌എം ആ‍ക്രമണങ്ങള്‍ നിര്‍ത്താനും ആവശ്യപ്പെട്ടുകൊണ്ടുള്ളതാണ് പോസ്റ്ററുകള്‍.

ട്രെയിനുകളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ കര്‍ത്തവ്യമാണെന്ന് റയില്‍‌വെ മന്ത്രി മമത ബാനര്‍ജി അഭിപ്രായപ്പെട്ടിരുന്നു. രാത്രി സമയങ്ങളില്‍ മാവോ പ്രശ്നബാധിത പ്രദേശങ്ങളിലൂടെ സര്‍വീസ് നടത്തേണ്ട എന്ന് റയില്‍‌വെ തീരുമാനമെടുത്തേക്കുമെന്നും സൂചനയുണ്ട്.

അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതവും പരുക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപ വീതവും ഇടക്കാല ധനസഹായം നല്‍കാന്‍ മമത ബാനര്‍ജി ഉത്തരവിട്ടു. അപകടത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ് മരിച്ചവരുടെ ആശ്രിതര്‍ക്ക് 2 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :