ട്രെയിനപകടം: മരണ സംഖ്യ 65 ആയി

ഝാര്‍ഗ്രാം| WEBDUNIA|
പശ്ചിമബംഗാളിലെ ഝാര്‍ഗ്രാമില്‍ മാവോയിസ്റ്റുകള്‍ നടത്തിയ സ്ഫോടനത്തില്‍ എക്സ്പ്രസ് ട്രെയിന്‍ പാളം തെറ്റി ഉണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 65 ആയി. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. അപകടത്തില്‍ 200 പേര്‍ക്ക് പരുക്ക് പറ്റി.

ഹൌറ-കുര്‍ള ലോകമാന്യതിലക് ജ്ഞാനേശ്വരി സൂപ്പര്‍ ഡീലക്സ് എക്സ്പ്രസ് ട്രെയിനാണ് അപകടത്തില്‍ പെട്ടത്. രാവിലെ 1:30 ന് നടന്ന അപകടത്തില്‍ എക്സ്പ്രസ് ട്രെയിനിന്റെ 13 ബോഗികള്‍ പാളം തെറ്റി.

പാളം തെറ്റിയ അഞ്ച് ബോഗികള്‍ തൊട്ടടുത്ത ട്രാക്കിലൂടെ വന്ന ഗുഡ്സ് ട്രെയിനു മുന്നിലാണ് വീണത്. തകര്‍ന്ന ബോഗികള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് അറുത്ത് മുറിച്ചാണ് രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്.

അപകടസ്ഥലം സന്ദര്‍ശിച്ച റയില്‍‌വെ മന്ത്രി മമത ബാനര്‍ജി മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂ‍പ വീതവും പരുക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപ വീതവും നഷ്ടപരിഹാരം നല്‍കുമെന്ന് പ്രഖ്യാപിച്ചു.

മാവോയിസ്റ്റുകള്‍ പൊതുജനങ്ങള്‍ക്ക് നേരെ ഈ മാസം നടത്തുന്ന രണ്ടാമത്തെ ആക്രമണമാണിത്. മെയ് 17 ന് ദണ്ഡേവാഡയില്‍ ഒരു ബസിനു നേര്‍ക്ക് നടത്തിയ കുഴിബോംബ് ആക്രമണത്തില്‍ 36 പേര്‍ മരിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :