പേരു പോലെ തന്നെയാണ് തന്‍റെ വാദവുമെന്ന് ഉജ്ജ്വല്‍ നികം ഒരിക്കല്‍ കൂടി സംശയാതീതമായി തെളിയിച്ചു. മുംബൈ ഭീകരാക്രമണ കേസില്‍ പബ്ലിക് പ്രോസിക്യൂട്ടറായി പ്രത്യേക കോടതിയില്‍ ഹാജരാവാന്‍ നിയുക്തനായപ്പോള്‍ ആരുടെയും പുരികം ഉയര്‍ന്നില്ല എന്നത് തന്നെ നികമിന്‍റെ വാദമികവിന്‍റെ നേര്‍ സാക്‍ഷ്യമായിരുന്നു. ഇപ്പോള്‍ രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച അജ്മല്‍ അമീര്‍ കസബെന്ന പാക് തിവ്രവാദിക്ക് അര്‍ഹിക്കുന്ന പരമാവധി ശിക്ഷ തന്നെ വാങ്ങിക്കൊടുത്ത് നികം ഒരിക്കല്‍ കൂടി രാജ്യത്തിന്‍റെ അഭിമാനമായി.
നികമാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ എന്ന് കേട്ടാല്‍ ഏത് കൊടും കുറ്റവാളിയും തൂക്കുകയറിലേക്ക് കണ്ണയച്ചു തുടങ്ങുമെന്ന് കോടതിവൃത്തങ്ങളില്‍ ഒരു ചൊല്ലുണ്ട്. ഇപ്പോഴത് ഒരിക്കല്‍ കൂടി ബോധ്യമായി. 1993ലെ മുംബൈ സ്ഫോടനകേസിലും ഗുല്‍ഷന്‍ കുമാര്‍ വധക്കേസിലും, പ്രമോദ് മഹാജന്‍ വധക്കേസിലുമെല്ലാം സര്‍ക്കാരിന്‍റെ ഭാഗം വാദിച്ചത് നികമായിരുന്നു.
മുപ്പതു വര്‍ഷത്തെ അഭിഭാഷക ജീവിതത്തില്‍ ദയയുടെ കണിക പോലുമര്‍ഹിക്കാത്ത 613 പ്രതികള്‍ക്ക് നികം ജീവപര്യന്തം വാങ്ങിക്കൊടുത്തപ്പോള്‍ 38 പ്രതികളെ തൂക്കുമരത്തിലേക്ക് അയച്ചു. പ്രമാദമായ ഒട്ടേറെ കേസുകളില്‍ സര്‍ക്കാരിന്‍റെ ഭാഗം വാദിക്കുന്ന അഭിഭാഷകന്‍റെ ജീവന്‍ വിലപ്പെട്ടതാണെന്ന് സര്‍ക്കാരിനുമറിയാം. അതുകൊണ്ടാണ് ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്ക് നല്‍കുന്ന ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ നികമിന് സര്‍ക്കാര്‍ അനുവദിച്ചതും.
മുംബൈ ഭീകരാക്രമണത്തില്‍ ലഷ്കര്‍ ഇ ത്വൊയ്ബ തീവ്രവാദികള്‍ക്ക് പുറമെ പാക്കിസ്ഥാന്‍ ഭരണകൂടത്തിനും പങ്കുണ്ടെന്ന് നികം കോടതിയില്‍ സ്ഥാപിച്ചു. കേസുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും ഹാജരാക്കാനും ഭീകരാക്രമണത്തില്‍ കസബിന്റെ പങ്ക് കോടതിയില്‍ തെളിയിക്കാനും ഉജ്വല്‍ നികമിന് കഴിഞ്ഞു.
കസബിന് കോടതി വധശിക്ഷ വിധിച്ചത് രാജ്യത്തിന്റെ വിജയമെന്നായിരുന്നു വിധി വന്നശേഷമുള്ള നികമിന്‍റെ ആദ്യ പ്രതികരണം. വിചാരണ അട്ടിമറിക്കാന്‍ കസബ് കളിച്ച നാടകങ്ങള്‍ക്കുള്ള മറുപടിയാണ് വിധിയെന്നും നികം പറഞ്ഞു. വധശിക്ഷയില്‍ സന്തോഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.