‘മദ്രാസിലെ മൊസാര്‍ട്ട്’, എ ആര്‍ റഹ്‌മാന്‍ വീണ്ടുമൊരു ഓസ്കര്‍ രാജ്യത്തിനു നേടിത്തരുമോ? ഒരുപക്ഷേ അതു സംഭവിച്ചേക്കും. എ ആര്‍ റഹ്‌മാന്‍ സംഗീത സംവിധാനം ചെയ്ത ‘നാനാ...’ എന്ന് തുടങ്ങുന്ന ഗാനം ഓസ്കര്‍ നാമനിര്‍ദ്ദേശത്തിനായി ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്തു.
‘കപ്പിള്‍സ് റിട്രീറ്റ്’ എന്ന ഹോളിവുഡ് സിനിമയിലേതാണ് ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട ഗാനം. മൊത്തം 63 ഗാനങ്ങളാണ് ഓസ്കര്‍ നാമനിര്‍ദ്ദേശത്തിനായി ഷോര്‍ട്ട്ലിസ്റ്റ് ചെയ്തിരിക്കുന്നത്.
എണ്‍പത്തിരണ്ടാം അക്കാദമി അവാര്‍ഡിനായി നാമനിര്‍ദ്ദേശം ലഭിച്ച ഗാനങ്ങളെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഫെബ്രുവരി 2 ന് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് റഹ്‌മാന്‍ വെളിപ്പെടുത്തി. തിങ്കളാഴ്ച കപ്പിള്‍സ് റിട്രീറ്റിന്റെ ഓഡിയോ റിലീസിനോട് അനുബന്ധിച്ച ചടങ്ങിലാണ് ഇന്ത്യയില്‍ നിന്നുള്ള ഓസ്കര്‍ ജേതാവ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഓസ്കര്‍ അവാര്‍ഡ് ലഭിച്ച ശേഷം നല്ല പ്രകടനം കാഴ്ച വയ്ക്കാന്‍ ശരിക്കും സമ്മര്‍ദ്ദം നേരിടേണ്ടിവന്നു എന്ന് റഹ്‌മാന്‍ വെളിപ്പെടുത്തി. എന്നാല്‍, ഹോളിവുഡില്‍ ഒരു കോമഡി ചിത്രത്തിനു വേണ്ടി ജോലിചെയ്യാനായത് സന്തോഷം നല്‍കുന്നുവെന്നും റഹ്‌മാന്‍ പറഞ്ഞു.