സ്ലംഡോഗ് ബാലതാരത്തിന് മുഖമടച്ച് അടി!

മുംബൈ| WEBDUNIA|
സ്ലം‌ഡോഗ് മില്യണയറില്‍ അഭിനയിച്ച ബാലതാരം, അസ്‌ഹറുദ്ദീന്‍ മുഹമ്മദ് ഇസ്മയിലിന് പിതാവില്‍ നിന്ന് മുഖമടച്ച് അടി!. മാധ്യമപ്രവര്‍ത്തകര്‍ വന്ന് കാത്തിരുന്നിട്ടും അഭിമുഖത്തിന് അസ്‌ഹറുദ്ദീന്‍ തയ്യാറാവാതിരുന്നതാണ് അസ്‌ഹറുദ്ദീന്‍റെ പിതാവ് ഇസ്മയിലിനെ പ്രകോപിപ്പിച്ചത്. ദേഷ്യം സഹിക്കവയ്യാതെ ഇസ്മയില്‍ മകന്‍റെ മുഖമടച്ച് അടിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

എട്ട് ഓസ്കര്‍ നേടിയ സ്ലംഡോഗ് മില്യണയറിലെ പ്രധാന കഥാപാത്രത്തിന്‍റെ കുട്ടിക്കാലം അവതരിപ്പിച്ചത് അസ്‌ഹറുദ്ദീനായിരുന്നു. ലോസ് ഏഞ്ചല്‍‌സില്‍ നടന്ന ഓസ്കര്‍ അവാര്‍ഡ് ദാനച്ചടങ്ങുകള്‍ക്ക് പങ്കെടുത്ത് ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് അസ്‌ഹറുദ്ദീന്‍ മുംബൈയിലെ ചേരിയില്‍ തിരിച്ചെത്തിയത്. ലോസ് ഏഞ്ചല്‍‌സിലെ പരിപാടികളും നീണ്ട യാത്രയും സമ്മാനിച്ച ക്ഷീണം മാറ്റാനായി ഉറങ്ങാന്‍ തയ്യാറെടുക്കുകയായിരുന്നു അസ്‌ഹറുദ്ദീന്‍. അഭിമുഖത്തിനായി കാത്തുനില്‍ക്കുന്ന മാധ്യമപ്രവര്‍ത്തകരെ തൃപ്തിപ്പെടുത്താന്‍ അസ്‌ഹറുദ്ദീന്‍ തയ്യാറാവാതിരുന്നതാണ് അടിയില്‍ കലാശിച്ചത്.

“കുറ്റം എന്‍റേതു തന്നെയാണ്. സത്യത്തില്‍ ഞാനല്‍‌പ്പം കുസൃതിയാണ്. നല്ല ക്ഷീണമുണ്ടായിരുന്നതിനാല്‍ അഭിമുഖം വേണ്ടെന്ന് ഞാന്‍ വാശി പിടിച്ചു. അതിനാണ് അച്ഛന്‍ അടിച്ചത്. എനിക്കതില്‍ ഒട്ടും വിഷമമില്ല. എന്നെ അത്ര കണ്ട് സ്നേഹിക്കുന്നുണ്ട് എന്‍റെ അച്ഛന്‍” - കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരോട് പത്തുവയസുകാരനായ അസ്‌ഹറുദ്ദീന്‍ പറഞ്ഞു.

മഹാരാഷ്ട്ര സര്‍ക്കാര്‍ അസ്‌ഹറിനും മറ്റൊരു ബാലതാരമായ റുബീന അലിക്കും ഫ്ലാറ്റ് നല്‍കാമെന്ന് അറിയിച്ചിരുന്നു. പ്രശസ്തിയും പണവും നേടിയെടുത്ത സ്ലം‌ഡോഗ് മില്യണയര്‍ ബാലതാരങ്ങളെ മാതാപിതാക്കളും ബന്ധുക്കളും പരമാവധി ചൂഷണം ചെയ്യുന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. റുബീന അലിയുടെ ‘ഓടിപ്പോയ’ അമ്മ മകളുടെ പണവും പ്രശസ്തിയും കണ്ട് തിരികെയെത്തിയത് ഇക്കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് റുബീനയടക്കം മൂന്നു കുട്ടികളെ ഉപേക്ഷിച്ച്‌ അമ്മ ഖുശി സമ്പന്നനായ ഒരാള്‍ക്കൊപ്പം ഇറങ്ങിപ്പോയതാണ്. പിന്നീട് പിതാവ്‌ റഫീഖാണ് ഈ കുട്ടികളെ വളര്‍ത്തിയത്. റഫീഖിന്‍റെ രണ്ടാം ഭാര്യയായ മുന്നിയാണ്‌ ഇപ്പോള്‍ കുട്ടികളുടെ എല്ലാ കാര്യവും നോക്കുന്നത്‌. എന്നാല്‍, കുട്ടികളുടെ സംരക്ഷണ ചുമതല മുത്തശ്ശിയെ ഏല്‍പ്പിച്ചാണ് താന്‍ ഇറങ്ങി പോയതെന്നാണ് ഖുശി പറയുന്നത്.

രണ്ട് അമ്മമാരില്‍ ആരെ സ്വീകരിക്കുമെന്ന് തീരുമാനമെടുക്കാനാവാതെ വിഷമിച്ചിരിക്കുകയാണ് കൊച്ചു നടി‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :