ഹെഡ്‌ലി: വിസാ രേഖകള്‍ അപ്രത്യക്ഷമായി

ന്യൂഡല്‍ഹി| WEBDUNIA|
PRO
മുംബൈ ഭീകരണാക്രമണത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിക്കും തഹാവുര്‍ റാണയ്ക്കും വിസ അനുവദിച്ചതിന്റെ രേഖകള്‍ ചിക്കാഗോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്ന് അപ്രത്യക്ഷമായി. അതീവ ഗുരുതരമായ വീഴ്ചയെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വിദേശകാര്യ സെക്രട്ടറി നിരുപമ റാവു കോണ്‍സല്‍ ജനറലിനോട് ആവശ്യപ്പെട്ടു.

പാക് വംശജരായ റാണയ്ക്കും ഹെഡ്‌ലിക്കും പലതവണ ഇന്ത്യന്‍ സന്ദര്‍ശനം നടത്താനുതകുന്ന വിസ നല്‍കിയത് ചട്ടലംഘനമാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനെ ശരിവയ്ക്കുന്ന രീതിയില്‍ നിരുപമ റാവു ചിക്കാഗോ കോണ്‍സല്‍ ജനറലിനെ വാഷിംഗ്ടണിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തിരുന്നു.

ഇതേക്കുറിച്ചുള്ള അന്വേഷണം നടക്കവേ, ബന്ധപ്പെട്ട രേഖകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വിദേശകാര്യ മന്ത്രി എസ് എം കൃഷ്ണയെ ധരിപ്പിച്ചതായി റിപ്പോര്‍ട്ട് ഉണ്ട്. ഇന്ത്യന്‍ സന്ദര്‍ശനത്തിനായി ഹെഡ്‌ലിക്കും റാണയ്ക്കും ഭാര്യയ്ക്കും ഇന്ത്യയിലേക്കുള്ള വിസ പെട്ടെന്ന് നല്‍കാന്‍ സഹായിച്ചതാരെന്ന് ഇതു സംബന്ധിച്ച രേഖകള്‍ കണ്ടെത്തിയാല്‍ മാത്രമേ അറിയാന്‍ സാധിക്കൂ എന്നിരിക്കെ രേഖകള്‍ അപ്രത്യക്ഷമായത് അത്യന്തം ഗൌരവമര്‍ഹിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :