ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു: ചിരഞ്ജീവിയും നായിഡുവും

YS Rajasekhara Reddy
ഹൈദരാബാദ്| WEBDUNIA|
PRO
PRO
ആന്ധ്രാ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡി ഒരു അപകടവും കൂടാതെ ഹൈദരാബാദില്‍ തിരിച്ചെത്താനായി ഈശ്വരനോട് പ്രാര്‍ത്ഥിക്കുന്നുവെന്ന് പ്രജാരാജ്യം പാര്‍ട്ടിയുടെ നേതാവ് ചിരഞ്ജീവിയും തെലുങ്കുദേശം പാര്‍ട്ടിയുടെ നേതാവ് ചന്ദ്രബാബു നായിഡുവും. രാജശേഖര റെഡ്ഡി എവിടെയാണ് ഉള്ളതെന്ന് കണ്ടുപിടിക്കാന്‍ പെട്ടെന്നുതന്നെ നൂതനസാങ്കേതികവിദ്യ ഉപയോഗപ്പെടുത്താന്‍ ഇരുവരും കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.

ഇതിനിടയില്‍ രാജശേഖര റെഡ്ഡിയുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്നും സ്ഥിതിഗതികള്‍ ആശാവഹം അല്ലെന്നും കോണ്‍‌ഗ്രസ് പ്രസ്താവിച്ചതായി അറിയുന്നു. മുഖ്യമന്ത്രിയുമായുള്ള ബന്ധം നഷ്ടപ്പെട്ടിട്ട് എട്ട് മണിക്കൂര്‍ ആയിട്ടും ഒരു വിവരവും ലഭിക്കാതിരിക്കുന്നത് കോണ്‍‌ഗ്രസ് ദേശീയ നേതൃത്വത്തെ പരിഭ്രാന്തിയില്‍ ആഴ്ത്തിയിട്ടുണ്ട്.

കര്‍ണൂല്‍ ജില്ലയില്‍ വസിക്കുന്നവരോട് മുഖ്യമന്ത്രിക്കായി തിരയാനായി ആന്ധ്രാ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാമസേനയുടേതടക്കം ഏഴ് കോപ്ടറുകള്‍ മുഖ്യനായി തിരച്ചില്‍ നടത്തുന്നുമുണ്ട്. ആകാശത്തുനിന്നുള്ള തിരച്ചിലില്‍ ഒന്നും കണ്ടെത്താന്‍ ആയിട്ടില്ല. ഇനി മരങ്ങള്‍ക്ക് താഴെ കോപ്ടര്‍ തകര്‍ന്ന് വീണിട്ടുണ്ടോ എന്ന് പരിശോധിക്കാനായി ഒരുങ്ങുകയാണ് അധികൃതര്‍.

രാവിലെ എട്ടരയോടെയാണ് റെഡ്ഡിയും സംഘവും യാത്ര തിരിച്ചത്. എന്നാല്‍ 9.30 ഓടെ കോപ്ടര്‍ റഡാറില്‍ നിന്ന് അപ്രത്യക്ഷമായി. ചിറ്റൂര്‍ ജില്ലയുടെ പരിധിയില്‍ നിന്നായിരുന്നു റഡാറിലേക്ക് അവസാനം സന്ദേശം എത്തിയത്. ഹെലികോപ്റ്റര്‍ കര്‍ണൂല്‍ ജില്ലയിലെ വനപ്രദേശത്ത് കണ്ടെത്തിയെന്നായിരുന്നു പിന്നീട് പുറത്തുവന്ന വാര്‍ത്ത. മുഖ്യമന്ത്രി കാര്‍ മാര്‍ഗം കര്‍ണ്ണൂലിലേക്ക് തിരികെ വന്നുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

എന്നാല്‍ ആറ് മണിക്കൂറുകള്‍ക്ക് ശേഷവും ഇക്കാര്യത്തിന് വ്യക്തമായ സ്ഥിരീകരണം നല്‍കാന്‍ അധികൃതര്‍ക്കായിട്ടില്ല. കോപ്ടറിന്‍റെ പാതയിലെ കനത്ത മഴയെ തുടര്‍ന്നാണ് റഡാറില്‍ നിന്ന് സന്ദേശങ്ങള്‍ അപ്രത്യക്ഷമായതെന്നായിരുന്നു പ്രാഥമിക നിഗമനം. നക്സല്‍ ജില്ലയാണ് കര്‍ണൂല്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :