ആസിയാന്‍: ആനന്ദ്‌ ശര്‍മ മുഖ്യമന്ത്രിക്കു കത്തയച്ചു

ന്യൂഡല്‍ഹി| WEBDUNIA|
ആസിയാന്‍ സ്വതന്ത്ര വ്യാപാര കരാര്‍ സംബന്ധിച്ച് കേരളത്തിനുള്ള ആശങ്കകള്‍ അടിസ്ഥാനരഹിതമാണെന്ന് കാണിച്ച് കേന്ദ്ര വാണിജ്യമന്ത്രി ആനന്ദ് ശര്‍മ്മ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് കത്തയച്ചു. കാര്‍ഷികരംഗത്തെ പ്രശ്നങ്ങള്‍ പഠിക്കുന്നതിനുള്ള മന്ത്രിതല സമിതി ശാശ്വത പരിഹാര നിര്‍ദേശങ്ങള്‍ കണ്ടെത്തുമെന്ന് കത്തില്‍ കേന്ദ്രമന്ത്രി ഉറപ്പുനല്‍കി.

ആസിയാന്‍ കരാറിനെക്കുറിച്ചുള്ള സംസ്ഥാനത്തിന്‍റെ ആശങ്കകള്‍ ചൂണ്ടിക്കാണിച്ചു കൊണ്ട് മുഖ്യമന്ത്രി ജൂലൈ 27ന്‌ അയച്ച കത്തിനും, ഈ മാസം മൂന്നിനു പ്രധാനമന്ത്രിക്കു നല്‍കിയ നിവേദനത്തിനുമുള്ള മറുപടിയെന്ന നിലയ്ക്കാണു കത്ത്‌.

ആസിയാന്‍ രാജ്യങ്ങളുമായി ഇന്ത്യ ഓഗസ്റ്റ്‌ 13നു വാണിജ്യ കരാറും മൂന്ന്‌ അനുബന്ധ കരാറുകളുമാണ്‌ ഒപ്പിട്ടത്‌. ഇതു സംബന്ധിച്ച വിവരങ്ങള്‍ മന്ത്രാലയത്തിന്‍റെ വെബ്സൈറ്റില്‍ ലഭ്യമാണ്‌. കൃഷിമേഖലയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതാണു കരാര്‍.നെഗറ്റീവ്‌ പട്ടികയില്‍ ഒട്ടേറെ കാര്‍ഷികോല്‍പന്നങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

ഇവയില്‍ ആസിയാന്‍ രാജ്യങ്ങള്‍ക്കു തീരുവ ഇളവ്‌ അനുവദിക്കില്ല. സ്വാഭാവിക റബര്‍, അടയ്ക്ക, നാളികേരം, കശുവണ്ടി, ഏലം, മത്സ്യം തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നുവെന്നും കത്തില്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :