സൂപ്പര്‍താരങ്ങള്‍ക്കെതിരെ ശ്രീനിവാസന്‍ രംഗത്ത്. തങ്ങളുടെ എട്ടു സിനിമകള്‍ പൊളിഞ്ഞാലും താരമൂല്യമിടിയാത്ത താരങ്ങളാണ് മലയാള സിനിമയുടെ ശാപമെന്ന് അദ്ദേഹം പറഞ്ഞു. ‘ആത്മകഥ’ എന്ന തന്‍റെ പുതിയ സിനിമയുമായി ബന്ധപ്പെട്ട് പ്രസ്ക്ലബില്‍ വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു ശ്രീനിവാസന്‍.
“എട്ടു സിനിമകള്‍ പൊളിഞ്ഞാലും താരമൂല്യമിടിയാത്ത താരങ്ങളാണ് മലയാള സിനിമയുടെ ശാപം. ഇവരാണ് സിനിമയെ വഴിതെറ്റിക്കുന്നത്. എട്ടു പടങ്ങള്‍ പൊളിയുമ്പോള്‍ ഒമ്പതാമതൊരെണ്ണം ഹിറ്റാകുമെന്ന് ഇവര്‍ കരുതുന്നു. ഒമ്പതാമത്തെ പടത്തിനായി അവര്‍ നല്ലൊരു സംവിധായകനെ കരുതി വയ്ക്കും. ആ സിനിമ ഹിറ്റായിക്കഴിഞ്ഞാല്‍ പിന്നീട് ഒരു പത്ത് സിനിമ കൂടി ആ കെയര്‍ഓഫില്‍ കിട്ടും. ഈ രീതിയിലുള്ള ഒരു കൊള്ളയാണ് ഇപ്പോള്‍ നടക്കുന്നത്” - ശ്രീനി പറഞ്ഞു.
സിനിമാ സംഘടനകളുടെ തലപ്പത്തിരിക്കുന്ന പലരും ഒരു പണിയുമില്ലാത്തവരാണെന്നും ശ്രീനിവാസന്‍ പറഞ്ഞു. ഇവരുടെ പല പ്രവൃത്തികളെയും ന്യായീകരിക്കാനാവില്ല. അമ്മയിലും ഫെഫ്കയിലും ഞാന്‍ അംഗമാണ്. എന്നാല്‍ സംഘടനകളുടെ വിലക്കിനെ ഞാനും ഭയപ്പെടുന്നുണ്ട്. സംഘബലത്തെ എപ്പോഴും പേടിക്കണമല്ലോ - ശ്രീനി പറഞ്ഞു.
നമ്മുടെ പല സിനിമകളും മൂക്കാതെ പഴുക്കുന്നതുപോലെ ഉള്ളവയാണ്. തമിഴ് അടക്കമുള്ള ഭാഷകളില്‍ നിന്ന് വരുന്ന മസാല ചിത്രങ്ങളോടല്ല മലയാള സിനിമ മത്സരിക്കേണ്ടത്. അങ്ങനെ മത്സരിച്ച് അത്തരം സിനിമകള്‍ മലയാളത്തിലിറക്കിയാല്‍ പരാജയമായിരിക്കും ഫലം. ചിന്താശേഷിയുള്ള നിര്‍മ്മാതാക്കളാണ് മലയാള സിനിമയ്ക്ക് വേണ്ടത്. എന്നാല്‍ നല്ല സിനിമയെന്ന കാഴ്ചപ്പാടില്ലാത്ത നിര്‍മ്മാതാക്കള്‍ സിനിമയെ തകര്‍ക്കുകയാണ്. പണമുണ്ടാക്കുക എന്നതു മാത്രമാണ് ഇന്നത്തെ പല നിര്‍മ്മാതാക്കളുടെയും ലക്‍ഷ്യം - ശ്രീനി പറഞ്ഞു.