സൂപ്പര്‍താര പേടി: അന്‍‌വര്‍ റിലീസ് മാറ്റി

WEBDUNIA|
PRO
സൂപ്പര്‍താരങ്ങളുടെ സിനിമകള്‍ കൂട്ടത്തോടെ എത്തുമ്പോള്‍ ആ ഒഴുക്കില്‍ പെട്ട് തകരാതിരിക്കാന്‍ പൃഥ്വിരാജിന്‍റെ ‘അന്‍‌വര്‍’ റിലീസ് മാറ്റി. റംസാന്‍ റിലീസായി നിശ്ചയിച്ചിരുന്ന ‘അന്‍‌വര്‍’ മമ്മൂട്ടി, മോഹന്‍ലാല്‍ സിനിമകളുടെ മത്സരത്തിനിടയില്‍ പെടാതിരിക്കാന്‍ റിലീസ് മാറ്റുകയായിരുന്നു എന്നാണ് അറിയുന്നത്.

സെപ്റ്റംബര്‍ 10നാണ് അന്‍‌വര്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ മോഹന്‍ലാലിന്‍റെ ശിക്കാര്‍, മമ്മൂട്ടിയുടെ പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദി സെയിന്‍റ് എന്നീ സിനിമകള്‍ ആ സമയത്ത് റിലീസ് ചെയ്യുന്നുണ്ട്. മാത്രമല്ല, ജയറാം നായകനാകുന്ന ഷാഫിച്ചിത്രമായ ‘മേക്കപ്പ്‌മാന്‍’ റംസാന്‍റെ ഹിറ്റ് പ്രതീക്ഷയാണ്. ‘അന്‍‌വര്‍’ ഈ തിരക്കിനിടയില്‍ റിലീസ് ചെയ്യുന്നത് ബുദ്ധിയല്ലെന്ന് തിരിച്ചറിഞ്ഞാണ് ചിത്രത്തിന്‍റെ റിലീസ് മാറ്റിയതെന്നാണ് സൂചന. ഒക്ടോബര്‍ 15 ആണ് അന്‍‌വര്‍ റിലീസ് ചെയ്യാനായി ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള ഡേറ്റ്.

പൃഥ്വിരാജ്, പ്രകാശ്‌രാജ്, മം‌മ്ത, ലാല്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന അന്‍‌വര്‍ തീവ്രവാദം പ്രമേയമാക്കിയ സിനിമയാണ്. ബിഗ്ബി, സാഗര്‍ എലിയാസ് ജാക്കി എന്നീ സിനിമകള്‍ക്ക് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലറാണിത്. ഹിറ്റാവാന്‍ സാധ്യതയുള്ള ഈ സിനിമ സൂപ്പര്‍സ്റ്റാര്‍ സിനിമകള്‍ക്കൊപ്പം റിലീസ് ചെയ്യുന്നതിലെ അപകടം മുന്‍‌കൂട്ടിക്കണ്ടാണ് റിലീസ് മാറ്റിയിരിക്കുന്നത്.

എന്നാല്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ തീരാന്‍ സമയമെടുക്കും എന്നതിനാലാണ് റിലീസ് മാറ്റിയതെന്നാണ് ഔദ്യോഗിക വിശദീകരണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :