ചെന്നിത്തല കഴിവു തെളിയിച്ചവന്‍: ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം| WEBDUNIA| Last Modified വ്യാഴം, 3 ജൂണ്‍ 2010 (16:46 IST)
PRO
കെപിസിസി പ്രസിഡന്‍റായിരിക്കാന്‍ യോഗ്യതയുണ്ടെന്ന് കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ കൊണ്ട് തെളിയിച്ച വ്യക്തിയാണ് രമേശ് ചെന്നിത്തലയെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി. സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചെന്നിത്തലയ്ക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഉമ്മന്‍‌ചാണ്ടിയുടെ അഭിപ്രായം. പക്ഷെ കെപിസിസിയുടെ അടുത്ത പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുന്നത് തെരഞ്ഞെടുപ്പിലൂടെയായിരിക്കുമെന്നും തിരുവനന്തപുരത്ത് പാര്‍ട്ടി ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ഉമ്മ‌ന്‍‌ചാണ്ടി പറഞ്ഞു.

പിസി ചാക്കോയും ടി‌എച്ച് മുസ്തഫയുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ രമേശ് ചെന്നിത്തലയ്ക്കെതിരെ പരസ്യമായി രംഗത്ത് വന്നത്. സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കെപിസിസി പ്രസിഡന്‍റ് എന്ന നിലയില്‍ പരസ്യപ്രസ്താവനകളില്‍ നിന്ന് ചെന്നിത്തല ഒഴിഞ്ഞുനില്‍ക്കണമെന്നും പിസി ചാക്കോ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കെപിസിസി പ്രസിഡന്‍റ് എന്ന നിലയില്‍ ചെന്നിത്തലയ്ക്ക് പൂര്‍ണ്ണ അധികാരമുണ്ടെന്നും അധികാരപരിധിയില്‍ പെടാത്ത ഒരു കാര്യത്തിലും ചെന്നിത്തല ഇടപെട്ടതായി താന്‍ വിശ്വസിക്കുന്നില്ലെന്നും ഉമ്മന്‍‌ചാണ്ടി പറഞ്ഞു.

ചാക്കോയുടെ പ്രസ്താവന പത്രങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്നും ഇക്കാര്യം ചാക്കോ തന്നെ വ്യക്തമാക്കിയതാണെന്നും ഉമ്മന്‍‌ചാണ്ടി പറഞ്ഞു. കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തിരിക്കുന്നിടത്തോളം കാലം ചെന്നിത്തല എല്ലാ കോണ്‍ഗ്രസുകാരുടെയും പ്രസിഡന്‍റായിരിക്കുമെന്നും ചെന്നിത്തലയ്ക്ക് ഒരു ഡസന്‍ പേരുടെ പിന്തുണ പോലുമില്ലെന്ന പ്രസ്താവനയെക്കുറിച്ച് തനിക്ക് അറിയില്ലെന്നും ഉമ്മന്‍‌ചാണ്ടി പറഞ്ഞു.

സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നീരസങ്ങളും അഭിപ്രായവ്യത്യാസങ്ങളും പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കുമെന്നും തെരഞ്ഞെടുപ്പ് നല്ല രീതിയില്‍ നടത്തുന്നതിനുള്ള ശ്രമമാ‍ണ് ചെന്നിത്തലയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നും ഇതിന് പിന്തുണ നല്‍കാനാണ് കോണ്‍ഗ്രസുകാര്‍ ശ്രമിക്കേണ്ടതെന്നും ഉമ്മന്‍‌ചാണ്ടി പറഞ്ഞു.

കേരളത്തില്‍ മുസ്ലീം ക്രൈസ്തവ വര്‍ഗീയത വളരുകയാണെന്ന വി‌എസിന്‍റെ പ്രസ്താവനയ്ക്ക് മറുപടി പറയാ‍നാണ് ഉമ്മന്‍‌ചാണ്ടി വാര്‍ത്താസമ്മേളനം വിളിച്ചത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വര്‍ഗീയ കാര്‍ഡിറക്കി കളിക്കുന്നത് സിപി‌എമ്മിന്‍റെ പതിവാണെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് മതേതര സ്വഭാവത്തില്‍ നിന്നും വ്യതിചലിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :