മൂന്നാര്‍ കയ്യേറ്റം: പ്രതിപക്ഷം ഏറ്റുപിടിക്കുന്നു

തിരുവനന്തപുരം| WEBDUNIA| Last Modified വെള്ളി, 22 ജനുവരി 2010 (14:15 IST)
PRO
ഇടുക്കി ജില്ലയില്‍ ഏക്കര്‍കണക്കിന്‌ ഭൂമി സ്വകാര്യവ്യക്തികള്‍ കൈയേറുന്നുവെന്ന കളക്ടര്‍ അശോക്‌ കുമാര്‍ സിംഗിന്‍റെ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിനെതിരായ മുഖ്യ ആയുധമാക്കാന്‍ യു‌ഡി‌എഫ് ഒരുങ്ങുന്നു. ഇതിന്‍റെ ആദ്യപടിയായി പ്രതിപക്ഷനേതാവ് ഉമ്മന്‍‌ചാണ്ടി ഈ മാസം ഇരുപത്തിയെട്ടിന് മൂന്നാര്‍ സന്ദര്‍ശിക്കും.

തദ്ദേശ, സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പും ഉന്നം‌വെച്ചാണ് പ്രതിപക്ഷ നീക്കം. സര്‍ക്കാരിനെതിരെ പ്രയോഗിക്കാനുള്ള പ്രധാന വടിയായി മൂന്നാര്‍ കൈയ്യേറ്റം ഉയര്‍ത്തിക്കൊണ്ടുവരാനാണ് യു‌ഡി‌എഫ് നേതാക്കള്‍ നീക്കം തുടങ്ങിയത്.

കയ്യേറ്റങ്ങള്‍ക്ക് ഇടതുമുന്നണിയുടെ ഒത്താശയുണ്ടെന്ന പ്രചാരണം യു‌ഡി‌എഫ് തുടങ്ങിക്കഴിഞ്ഞു. ചിന്നക്കനാല്‍ ഭാഗങ്ങളില്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് കയ്യേറ്റം നടക്കുന്നതെന്നും സര്‍ക്കാര്‍ ഇതിനു മൌനാനുവാദം നല്‍കുകയാണെന്നും പ്രതിപക്ഷ നേതാവ് കാസര്‍ഗോഡു നടത്തിയ പ്രസ്താവന ഇതിന്‍റെ സൂചനയാണ്.

ഇടുക്കിയിലെ കര്‍ഷകരുടെ എതിര്‍പ്പിന് പാത്രമാകാതിരിക്കാനും യു‌ഡി‌എഫ് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ഇടുക്കിയില്‍ താമസിക്കുന്ന കര്‍ഷകരെയല്ല അനധികൃത കയ്യേറ്റക്കാരെയാണ് ഒഴിപ്പിക്കേണ്ടതെന്ന ഉമ്മന്‍‌ചാണ്ടിയുടെ വാക്കുകളും ഈ കര്‍ഷകപ്രീതി ലക്‍ഷ്യം വെച്ചുള്ളതാണ്. കാരണം വി‌എസ് മുന്‍‌കൈയ്യെടുത്ത് നടത്തിയ മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് ഉയര്‍ന്ന കര്‍ഷക പ്രതിഷേധം ഇടതുമുന്നണിക്കും സര്‍ക്കാരിനും ഏറെ തിരിച്ചടിയായിരുന്നു. ഈ സാഹചര്യത്തിലാണ് കര്‍ഷക താല്‍‌പര്യം സംരക്ഷിച്ച് മൂന്നാര്‍ വിഷയം ഉയര്‍ത്തിപ്പിടിക്കാന്‍ ‌യുഡി‌എഫ് ഒരുങ്ങുന്നത്.

ഭൂമി കൈയേറ്റത്തോടൊപ്പം റവന്യൂ-സര്‍വേ രേഖകളില്‍ തിരിമറി നടന്നതായും കളക്ടര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തില്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ നടപടികളില്‍ തൃപ്തരല്ലെന്ന് യു‌ഡി‌എഫ് നേതാക്കള്‍ വ്യക്തമാക്കിക്കഴിഞ്ഞു. കയ്യേറ്റം സംബന്ധിച്ച ഹൈക്കോടതി പരാമര്‍ശങ്ങളും സര്‍ക്കാരിനെതിരായ ആയുധങ്ങളാക്കാനാണ് യു‌ഡി‌എഫ് നീക്കം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :