ഗണേഷിന് എന്നോട് വ്യക്തിവൈരാഗ്യം: തിലകന്‍

കൊച്ചി| WEBDUNIA|
PRO
‘ആത്മ’ സംഘടനയുടെ പ്രസിഡന്‍റും നടനുമായ കെ ബി ഗണേഷ് കുമാറിന് തന്നോട് വ്യക്തിവൈരാഗ്യമാണെന്ന് നടന്‍ തിലകന്‍. തിലകനെ സീരിയലില്‍ നിന്ന് വിലക്കിയെന്നുള്ള വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഗണേഷ് കുമാറിന് എന്നോട് വ്യക്തിവൈരാഗ്യമാണ്. അത് എനിക്ക് മനസ്സിലായി. ഇതിനെല്ലാം എനിക്ക് വ്യക്തമായ തെളിവുകള്‍ കിട്ടിയിട്ടുണ്ട്. അതുമായി മുന്നോട്ടു പോകുമെന്നും തിലകന്‍ പറഞ്ഞു.

തിങ്കളാഴ്ച രാത്രി വിളിച്ച് നാളെ ഷൂട്ടിംഗ് ഉണ്ടെന്ന് പറഞ്ഞിരുന്നു. എന്നാല്‍, രാത്രി ഏറെ വൈകിയാണ് തന്നെ സീരിയലില്‍ നിന്ന് ഒഴിവാക്കിയ കാര്യം നിര്‍മ്മാതാവ് വിളിച്ചു പറഞ്ഞത്. കെ ബി ഗണേഷ് കുമാര്‍ പ്രസിഡന്‍റ് ആയ സംഘടനയാണ് സീരിയല്‍ താരങ്ങളുടെ സംഘടനയായ ‘ആത്മ’. ‘അമ്മ’യുടെ വൈസ് പ്രസിഡന്‍റ് കൂടിയാണ് ഗണേഷ് കുമാര്‍‍. അതുകൊണ്ട് പുതിയ തീരുമാനത്തിന് ‘അമ്മ’യോട് ആഭിമുഖ്യമുണ്ടെന്നും തിലകന്‍ പറഞ്ഞു. ഗണേഷ് കുമാറിന്‍റെ നിര്‍ദ്ദേശ പ്രകാരം ‘ആത്മ’യുടെ ജനറല്‍ സെക്രട്ടറി പൂജപ്പുര രാധാകൃഷ്ണന്‍ ആണ് നിര്‍മ്മാതാവിനെ വിളിച്ച് ഇക്കാര്യം ആവശ്യപ്പെട്ടതെന്നും തിലകന്‍ പറഞ്ഞു.

സിനിമയില്‍ വിലക്ക് വന്നതിനു ശേഷം അതില്‍ നിന്നുള്ള വരുമാനം ഇല്ലാതായി. വരുമാനം ഇല്ലാതായത് ബുദ്ധിമുട്ട് ഉണ്ടാക്കി. സീരിയലില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ അവിടെയും വിലക്ക്. ഇങ്ങനെയുള്ള സംഘടനകളെയാണോ നമുക്ക് വേണ്ടത്. ഇത്തരം സംഘടനകളുടെ ലക്‌ഷ്യം മറ്റെന്തോ ആണെന്നും തിലകന്‍ പറഞ്ഞു. ഇപ്പോള്‍ വേറെ ഒരു കരാറുകളിലും താന്‍ ഒപ്പു വെച്ചിട്ടില്ലെന്നും അലി അക്ബര്‍, വിനയന്‍ എന്നിവരുടെ പുതിയ ചിത്രങ്ങളില്‍ അഭിനയിച്ചേക്കുമെന്നും തിലകന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :