നിലവിളക്ക്‌ വിവാദം; കെടി ജലീല്‍ കുരുക്കില്‍

കോഴിക്കോട്| WEBDUNIA|
PRO
PRO
നിലവിളക്ക് കൊളുത്തുന്നത് അനിസ്ലാമികം അല്ലെന്ന പ്രസ്താവന കെടി ജലീല്‍ എംഎല്‍എയെ തിരിഞ്ഞുകൊത്തുന്നു. രാഷ്‌ട്രീയക്കാര്‍ മതകാര്യങ്ങളില്‍ ഇടപെട്ട് ‘ഫത്‌വ’ പുറപ്പെടുവിച്ചാല്‍ പ്രത്യാഘാതമുളവാക്കും എന്നാണ് വിവിധ മുസ്ലീം സംഘടനകള്‍ ജലീലിന് മുന്നറിയിപ്പ് കൊടുത്തിരിക്കുന്നത്. കുറ്റിപ്പുറത്ത് നടന്ന ഒരു ചടങ്ങില്‍ വച്ചാണ് കെടി ജലീല്‍ ഈ പ്രസ്താവന നടത്തിയത്‌.

ജലീലിന്റെ വിവാദ പ്രസ്താവനയോട്‌ വിവിധ മുസ്ലീം സംഘടനകള്‍ രൂക്ഷമായാണ്‌ പ്രതികരിച്ചത്‌. നിലവിളക്ക് കൊളുത്തുക എന്ന ആചാരം ഹിന്ദു സംസ്കാരത്തിന്റെ ഭാഗമായിട്ടാണ് കേരളത്തില്‍ കണക്കാക്കിവരുന്നത് എന്ന് ഏത് കൊച്ചുകുട്ടിക്കും അറിയാവുന്ന കാര്യമാണെന്നും അത് അനിസ്ലാമികം അല്ലെന്ന് പറയാനുള്ള പാണ്ഡിത്യമൊന്നും ജലീലിന് ഇല്ലെന്നുമാണ് ചില മുസ്ലീം സംഘടനാ നേതാക്കള്‍ പ്രതികരിച്ചത്.

നിലവിളക്ക് കൊളുത്തുന്നത് ഇസ്ലാമികമായി അംഗീകരിക്കാനാവില്ലെന്ന് എസ്‌വൈഎസ്‌ സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ്‌ പൂക്കോട്ടൂര്‍ പറഞ്ഞു. ഒരു മതത്തിന്റെ ആചാരം എല്ലാവരും സ്വീകരിക്കുകയെന്ന തരത്തിലേക്കു മതേതരത്വത്തെ വഴി തിരിച്ചുവിടുന്ന പ്രവര്‍ത്തനങ്ങളും പ്രസ്താവനകളും സാംസ്കാരിക ദുരന്തത്തിന്‌ വഴിതെളിക്കുമെന്നും അബ്ദുസ്സമദ്‌ കൂട്ടിച്ചേര്‍ത്തു.

നിലവിളക്കും കൊളുത്തലും കൃത്യമായും ഹിന്ദു ആചാരമാണെന്നും ഇസ്ലാം മതവിശ്വാസികള്‍ ഇത്തരം പ്രവണതകളില്‍നിന്നു പിന്തിരിയണമെന്നും ജമാഅത്തെ ഇസ്ലാമി സംസ്ഥാന കമ്മിറ്റി ശൂറാ അംഗവും ശാന്തപുരം അല്‍ജാമിഅ ഇസ്ലാമിയ ഇസ്ലാമിക്‌ യൂനിവേഴ്സിറ്റി ഡയറക്ടറുമായ വി കെ അലി അഭിപ്രായപ്പെട്ടു.

നിലവിളക്ക്‌ കൊളുത്തുന്നത്‌ ഇസ്ലാമിന് എതിരല്ലെന്നും ഏകദൈവ വിശ്വാസത്തിന്‌ എതിരല്ലാത്ത പ്രാദേശിക കീഴ്‌വഴക്കങ്ങള്‍ പിന്തുടരാമെന്നും നിലവിളക്ക്‌ കൊളുത്തല്‍ മതേതരത്വത്തിന്റെ ഉജ്വല മാതൃകയാണെന്നുമാണ് കുറ്റിപ്പുറത്ത് വച്ച് ജലീല്‍ അഭിപ്രായപ്പെട്ടത്. ചടങ്ങില്‍ തുടര്‍ന്നു സംസാരിച്ച സി പി മുഹമ്മദ്‌ എംഎല്‍എ ജലീലിനെ പോലുള്ളവര്‍ക്ക്‌ മതേതര പൈതൃകത്തെക്കുറിച്ചുള്ള ധാരണ തിരുത്തേണ്ടിവന്നതില്‍ സന്തോഷമുണ്ടെന്ന് പറയുകയുമുണ്ടായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :