ബിജെപി മുസ്ലീങ്ങള്‍ക്ക് എതിരല്ല: ഗഡ്കരി

ന്യൂഡല്‍ഹി| WEBDUNIA|
ബിജെപി മുസ്ലീങ്ങള്‍ക്ക് എതിരല്ല എന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി. പാര്‍ട്ടി ജാതിയോ മതമോ അടിസ്ഥാനമാക്കിയുള്ളതല്ല. ബിജെപി ഭീകരര്‍ക്ക് എതിരാണ്, എന്നാല്‍ ഒരു മതത്തിനും എതിരല്ല എന്നും ഗഡ്കരി പറഞ്ഞു.

മുസ്ലീങ്ങളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കും. മുസ്ലീം സമുദായത്തില്‍ പെട്ട കൂടുതല്‍ പേര്‍ പാര്‍ട്ടിയില്‍ അംഗങ്ങളാവണമെന്നാണ് ആഗ്രഹിക്കുന്നത്. മുസ്ലീങ്ങളുടെ പട്ടിണിയും, ദാരിദ്ര്യവും, വിദ്യാഭ്യാസ അധ:സ്ഥിതിയും ഇല്ലാതാക്കാന്‍ പാര്‍ട്ടി ശ്രമിക്കുമെന്നും ഗഡ്കരി പറഞ്ഞു.

അതേസമയം, ഹിന്ദുത്വ പോലെയുള്ള പാര്‍ട്ടിയുടെ മുഖ്യ അജന്‍ഡകളില്‍ നിന്ന് പിന്നോട്ട് പോവില്ല എന്നും ഗഡ്കരി വ്യക്തമാക്കി. ഏകീകൃത സിവില്‍ കോഡും രാമജന്‍‌മഭൂമി പ്രശ്നവും പ്രാധാന്യമുള്ള കാര്യങ്ങളായി എടുത്തു പറഞ്ഞ ഗഡ്കരി ബാബറി മസ്ജിദ് തകര്‍ത്തതിനെ കുറിച്ചും സംസാരിച്ചു.

ബാ‍ബറി മസ്ജി തകര്‍ത്തത് നിര്‍ഭാഗ്യകരമായ സംഭവമാണ്. എന്നാല്‍, പള്ളിയല്ല തര്‍ക്കത്തിലുള്ള ഒരു നിര്‍മ്മിതിയാണ് തകര്‍ത്തത്. ഒരു പള്ളിയില്‍ സ്ഥിരമായി ആരാധനയുണ്ടാവണം. തര്‍ക്ക സ്ഥലത്ത് ഒരു ശ്രീരാമ വിഗ്രഹം ഉണ്ടായിരുന്നതായും ഗഡ്കരി ചൂണ്ടിക്കാട്ടി.

സോമനാഥ ക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് മുന്‍‌കൈയെടുത്ത വല്ലഭായ് പട്ടേലിനെ മതവാദിയെന്ന് വിളിക്കാനാവുമോ എന്ന് ചോദിച്ച ഗഡ്കരി രാമജന്മഭൂമി പ്രശ്നത്തെ രാഷ്രീയത്തിന് അതീതമായി കാണണമെന്നും അതിന് എല്ലാ പാര്‍ട്ടികളുടെയും പിന്തുണ വേണമെന്നും ആവശ്യപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :