കെ ജയകുമാറിന് സുപ്രീംകോടതി നോട്ടീസ്

ന്യൂഡല്‍ഹി| WEBDUNIA|
അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ജയകുമാറിന് സുപ്രീം കോടതി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. ജലവിഭവ വകുപ്പിലെ ചീഫ് എന്‍‌ജിനീയര്‍ നിയമനവുമായി ബന്ധപ്പെട്ട് വ്യാജ സത്യവാങ്‌മൂലം നല്‍കി കോടതിയെ തെറ്റിദ്ധരിപ്പിച്ചതിനാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

ക്രിമിനല്‍ ചട്ടപ്രകാരം നടപടി എടുക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്നാണ് നോട്ടീസില്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. വിശദീകരണം നല്‍കിയില്ലെങ്കില്‍ ഐ പി സി 195 ബി പ്രകാരം നടപടിയെടുക്കാന്‍ കോടതിക്ക് കഴിയും.

ജലവിഭവ വകുപ്പില്‍ ചീഫ് എന്‍‌ജിനീയര്‍ നിയമനം നടക്കുമ്പോള്‍ മഹാദേവന്‍ എന്ന ഉദ്യോഗസ്ഥനെ അഭിമുഖത്തില്‍ പങ്കെടുപ്പിച്ചിരുന്നില്ല. ഈ ഉദ്യോഗസ്ഥന്‍റെ ജാതിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ കാരണമാണ് അഭിമുഖത്തില്‍ പങ്കെടുപ്പിക്കാതിരുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച് കോടതിയില്‍ ‘മഹാദേവനെ അഭിമുഖത്തില്‍ പങ്കെടുപ്പിച്ചു’ എന്നാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.

ഇത് മഹാദേവന്‍ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യുകയും വിവരാവകാശ നിയമപ്രകാരമുള്ള രേഖകള്‍ ഹാജരാക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് കെ ജയകുമാറിനെതിരെ സുപ്രീം കോടതി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ അല്‍ത്തമാസ് കബീര്‍, എച്ച് എല്‍ ഗോഖ്‌ലെ എന്നിവരടങ്ങിയ ബഞ്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :