മാണിയെ അതൃപ്തി അറിയിക്കാന്‍ കോണ്‍ഗ്രസ്

തിരുവനന്തപുരം| WEBDUNIA|
കെ പി സി സിയുടെ നിര്‍ണായക എക്സിക്യൂട്ടീവ് യോഗം ഇന്ന് ചേരും. പി ജെ ജോസഫ് വിഭാഗവും മാണി കോണ്‍ഗ്രസും തമ്മിലുള്ള ലയനമാണ് എക്സിക്യൂട്ടീവിലെ പ്രധാന ചര്‍ച്ചാവിഷയം. യു ഡി എഫിന്‍റെ വിശ്വാസ്യതയെ തകര്‍ക്കുന്ന തീരുമാനമായി ലയനം കോണ്‍ഗ്രസ് വിലയിരുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

എന്നാല്‍, ലയനം നടക്കുന്നതിന് തടസമാകുന്ന രീതിയില്‍ എതിര്‍പ്പ് വളരാന്‍ അനുവദിക്കേണ്ടെന്ന അഭിപ്രായവും കോണ്‍ഗ്രസിനുള്ളില്‍ ഉണ്ട്. ലയനം ഒരു പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണ്. എന്നാല്‍ പി ജെ ജോസഫ് വിഭാഗത്തെ മുന്നണിയിലേക്ക് എടുക്കുമ്പോള്‍ ആ പാര്‍ട്ടിയോട് മുമ്പ് പുലര്‍ത്തിയിരുന്ന നിലപാടില്‍ മാറ്റം വരുത്തുന്നത് മുന്നണിയുടെ വിശ്വാസ്യത തകര്‍ക്കാനിടയാകുമെന്ന് കോണ്‍ഗ്രസില്‍ അഭിപ്രായമുയരും.

ജോസഫുമായി ലയനം ഉണ്ടാകുന്നതിന് മുമ്പ് കോണ്‍ഗ്രസുമായോ യു ഡി എഫിലോ മാണി വിഭാഗം ചര്‍ച്ച നടത്തുകയോ അറിയിക്കുകയോ ചെയ്തിരുന്നില്ലെന്ന വിമര്‍ശനവും കെ പി സി സി എക്സിക്യൂട്ടീവില്‍ ഉണ്ടാകും. ഇതിലുള്ള അതൃപ്തി പരസ്യമായി പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. മാത്രമല്ല മാണി - ജോസഫ് ലയനം സാധ്യമായാല്‍, മാണി കോണ്‍ഗ്രസിന് നിലവിലുള്ള നിയമസഭാ സീറ്റുകളില്‍ വര്‍ദ്ധനവ് വരുത്തേണ്ടതില്ലെന്നും കോണ്‍ഗ്രസ് തീരുമാനിക്കും.

സംഘടനാ തെരഞ്ഞെടുപ്പിന്‍റെ ഷെഡ്യൂള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലാ തലത്തില്‍ സമവായ കമ്മിറ്റികള്‍ രൂപീകരിക്കാന്‍ കെ പി സി സി എക്സിക്യൂട്ടീവ് തീരുമാനിക്കുമെന്നാണ് അറിയുന്നത്. എക്‌സിക്യൂട്ടീവ്‌ അംഗങ്ങളും ഡി സി സി പ്രസിഡന്‍റുമാരും പാര്‍ലമെന്‍ററി പാര്‍ട്ടി നേതാക്കളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :