മുഖ്യമന്ത്രി പോര, മന്ത്രിമാരും: സിപിഎം സെക്രട്ടേറിയേറ്റ്

തിരുവനന്തപുരം| WEBDUNIA|
PRO
മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനം പോരെന്ന് പണ്ടേ അഭിപ്രായമുണ്ടെങ്കിലും ഇപ്പോള്‍ വീണ്ടും അത് അംഗീകരിച്ചിരിക്കുകയാണ്. തിരുവനന്തപുരത്ത് ചേരുന്ന സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ആണ് മുഖ്യമന്ത്രിക്ക് എതിരെ വിമര്‍ശനമുയര്‍ന്നിരിക്കുന്നത്. മുഖ്യമന്ത്രിക്ക് എതിരെ മാത്രമല്ല മന്ത്രിമാര്‍ക്കെതിരെയും വിമര്‍ശനം ഉയര്‍ന്നു. തെറ്റുതിരുത്തല്‍ രേഖയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ രേഖയിലാണ് ഇക്കാര്യം ഉള്ളത്. സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് രേഖ അവതരിപ്പിച്ചത്.

മുഖ്യമന്ത്രിയടക്കമുള്ള സി പി എം. മന്ത്രിമാരുടെയും അവരുടെ ഓഫീസുകളുടെയും പ്രവര്‍ത്തനത്തില്‍ പോരായ്മകളുണ്ടെന്നായിരുന്നു സെക്രട്ടേറിയേറ്റ് വിലയിരുത്തല്‍. കേന്ദ്രക്കമ്മിറ്റി അംഗീകരിച്ച തെറ്റുതിരുത്തല്‍ രേഖയുടെ അടിസ്ഥാനത്തില്‍ കേരളത്തിലെ പാര്‍ട്ടി നേതാക്കളുടെയും സംസ്ഥാന ഘടകത്തിന്‍റെയും പ്രവര്‍ത്തനം വിലയിരുത്തിയാണ് സെക്രട്ടേറിയറ്റ് യോഗത്തില്‍ രേഖ സമര്‍പ്പിച്ചത്.

പാര്‍ട്ടി മന്ത്രിമാരുടെ പ്രവര്‍ത്തനത്തിലെ പോരായ്മകള്‍ മാത്രമല്ല രേഖയിലുള്ളത് എന്നതും ശ്രദ്ധേയമാണ്. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്‍റെ പ്രവര്‍ത്തനത്തിലെ പോരായ്മകളും രേഖയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പാര്‍ട്ടി സംസ്ഥാന സെന്‍ററിന്‍റെ പ്രവര്‍ത്തനങ്ങളുടെ ആസൂത്രണത്തിലും കുറവുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് രേഖ തുറന്ന് സമ്മതിക്കുന്നുണ്ട്.

സെക്രട്ടേറിയേറ്റ് ഇന്നും തുടരും. തെറ്റ് തിരുത്തല്‍ രേഖയുടെ ചര്‍ച്ച പൂര്‍ത്തിയാക്കിയശേഷം ഇന്ന് സെക്രട്ടേറിയറ്റ് യോഗം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി നിയമനം അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. സെക്രട്ടേറിയറ്റ് യോഗത്തിന്‍റെ തുടര്‍ച്ചയായി മൂന്നു ദിവസം സംസ്ഥാന സമിതിയും യോഗം ചേരുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :