അഗസ്റ്റിന്‍റെ ആത്മഹത്യ അന്വേഷിക്കണം: ഹൈക്കോടതി

കൊച്ചി| WEBDUNIA|
PRO
വിവാദമായ സിസ്റ്റര്‍ അഭയക്കേസിലെ പ്രധാനസാക്ഷിയും കോട്ടയം മുന്‍ എ എസ് ഐയുമായിരുന്ന വി വി അഗസ്റ്റിന്‍റെ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. അഗസ്റ്റിന്‍റെ ആത്മഹത്യയെക്കുറിച്ച് ഐ ജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

സിബിഐ അന്വേഷണത്തിലിരിക്കുന്ന കേസിലെ സാക്ഷി മരിക്കുമ്പോള്‍ അന്വേഷിക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ചാണ് കോടതി ഉത്തരവ്. അതേസമയം അഭയ കേസില്‍ സിബിഐ നടത്തുന്ന അന്വേഷണത്തെ ഐജിതല അന്വേഷണം ബാധിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. അഭയക്കേസിലെ മുന്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന അഗസ്റ്റിന്‍ കേസിലെ പ്രധാന സാക്ഷിയുമായിരുന്നു.

വി വി അഗസ്റ്റിന്റെ മരണം കഴിവും വിശ്വാസ്യതയുമുള്ള ഉന്നത ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റിസുമാരായ കെ ബാലകൃഷ്ണന്‍ നായരും പി എന്‍ രവീന്ദ്രനും അടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ്‌ വിധി പ്രസ്താവിച്ചത്‌. അന്വേഷണത്തിന്‌ തയ്യാറാണെന്ന്‌ ഡി ജി പി കോടതിയെ അറിയിച്ചു.

സിസ്റ്റര്‍ അഭയയെ കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്‍റിന്‍റെ കിണറില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയപ്പോള്‍ ഇന്‍ക്വിസ്റ്റ് നടത്തിയതും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതും അഗസ്റ്റിനായിരുന്നു. നിലവില്‍ അഭയ കേസ് അന്വേഷിക്കുന്ന നന്ദകുമാരന്‍ നായരുടെ നേതൃത്വത്തിലുള്ള സി ബി ഐ സംഘം ചുമതല ഏറ്റെടുത്ത ശേഷം അഗസ്റ്റിനെ രണ്ടുതവണ ചോദ്യം ചെയ്തിരുന്നു.

അഭയ കേസില്‍ തെളിവ് നശിപ്പിച്ചതായി ആരോപിക്കപ്പെട്ടതിനെ തുടര്‍ന്ന് 2008 നവംബര്‍ 25നായിരുന്നു അഗസ്റ്റിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് അഗസ്റ്റിനെ സിബിഐ ചോദ്യം ചെയ്ത് മൂന്നു ദിവസം കഴിഞ്ഞപ്പോഴായിരുന്നു ആത്മഹത്യ. ഞരമ്പ്‌ മുറിച്ച ശേഷം വിഷം കഴിച്ച്‌ മരിച്ച നിലയില്‍ ചിങ്ങവനം പാലച്ചിറയിലെ വസതിക്ക് സമീപത്തെ പുരയിടത്തിലായിരുന്നു മൃതദേഹം കണ്ടെത്തിയത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :