മൂന്നരമാസത്തിന് ശേഷം തേക്കടി തടാകത്തിലൂടെ വീണ്ടും ബോട്ടില്‍ ചുറ്റുമ്പോള്‍ സഞ്ചാരികളുടെ മനസില്‍ ഭീതിയുണ്ടായിരുന്നില്ല. തങ്ങളുടെ ജീവിതം ഈ യാത്രയില്‍ സുരക്ഷിതമാണെന്ന ധൈര്യം അവരുടെ മുഖത്തും പ്രതിഫലിച്ചിരുന്നു. മികച്ച സൌകര്യങ്ങളോടെ ബോട്ടിംഗ് പുനരാരംഭിച്ച സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിക്കാനും മറുനാടന്‍ സഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ മറന്നില്ല.
കഴിഞ്ഞ സ്പ്തംബര്‍ 30 ന് കെടിഡിസിയുടെ ജലകന്യക എന്ന ഫൈബര്‍ബോട്ട് വരുത്തിയ ദുരന്തത്തിന് ശേഷം ആദ്യമായാണ് തേക്കടിയില്‍ ബോട്ടിംഗ് നടത്തുന്നത്. വനംവകുപ്പിന്‍റെ രണ്ട് ബോട്ടുകളും കെടിഡിസിയുടെ മൂന്ന് ബോട്ടുകളുമാണ് സര്‍വ്വീസ് പുനരാരംഭിച്ചത്. ഇതിനു മുന്നോടിയായി ചീഫ് ഇന്‍സ്പെക്ടര്‍ ഓഫ് ബോട്ട്‌സ് കഴിഞ്ഞ ആഴ്ച അഞ്ചുബോട്ടുകള്‍ക്കും ഫിറ്റ്നസ് സര്‍ട്ടിഫിക്കേറ്റ് നല്‍കിയിരുന്നു.
എല്ലാ സഞ്ചാരികള്‍ക്കും ലൈഫ് ജാക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ ഉപകരണങ്ങള്‍ നല്‍കിയായിരുന്നു യാത്ര. സഞ്ചാരികള്‍ വെള്ളത്തില്‍ വീണാലും ഇവരെ രക്ഷിക്കുന്നതിന് ആവശ്യമായ ട്യൂബുകള്‍ ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ ബോട്ടുകളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലൈഫ് ജാക്കറ്റുകള്‍ ഇടുന്നത് ശരീരത്തിന്‍റെ സ്വാതന്ത്ര്യത്തെ ബാധിക്കുന്നുണ്ടെങ്കിലും എല്ലാ സഞ്ചാരികളും ഇതണിയാന്‍ പൂര്‍ണ്ണ സജ്ജരായിരുന്നു.
ഇരുപത്തിയഞ്ചുപേര്‍ക്ക് ഒരാള്‍ എന്ന നിലയില്‍ ലൈഫ് ഗാര്‍ഡുമാരെയും ബോട്ടില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പീരുമേട് എംഎല്‍എ ബിജിമോള്‍ ഉള്‍പ്പെടെയുള്ളവര്‍ ആദ്യ യാത്രയ്ക്ക് എത്തിയിരുന്നു. വനംവകുപ്പിന്‍റെ പെരിയാര്‍ വനജ്യോത്സന എന്നീ ബോട്ടുകളും കെടിഡിസിയുടെ ജലരാജ, ജലതരംഗിണി, ജലമോഹിനി എന്നീ ബോട്ടുകളുമാണ് സര്‍വ്വീസ് നടത്തുന്നത്.
യാത്രക്കാരുടെ പൂര്‍ണ്ണമേല്‍വിലസം കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തിയ ശേഷമാണ് ടിക്കറ്റുകള്‍ നല്‍കുക. ബോട്ടിംഗ് യാര്‍ഡില്‍ യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. വനംവകുപ്പിന്‍റെ ബോട്ടുകളില്‍ ഒരു യാത്രയ്ക്ക് 45 രൂപയും കെടിഡിസി ബോട്ടുകളില്‍ 75 രൂപയുമാണ് നിരക്ക്.
നേരത്തെ കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തിന്‍റെയും സംസ്ഥാന ജലഗതാഗത വകുപ്പിന്‍റെയും മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് ബോട്ടുകളില്‍ മാറ്റം വരുത്തിയിരുന്നു. സീറ്റുകളുടെ എണ്ണവും കുറച്ചിട്ടുണ്ട്. ടിക്കറ്റ് കരിഞ്ചന്ത തടയുന്നതിനായി കുമളി നിവാസികള്‍ക്ക് വന്യജീവിസങ്കേതത്തിലേക്ക് കടക്കാന്‍ എന്‍ട്രി പാസ് വേണമെന്ന നിബന്ധനയും എടുത്തുകളഞ്ഞിട്ടുണ്ട്.