എഴുത്തുകാരി റോസി തോമസ് (82) അന്തരിച്ചു. പ്രമുഖ നാടകകൃത്തായിരുന്ന സിജെ തോമസിന്‍റെ ഭാര്യയാണ്. വരാപ്പുഴ പുത്തന്‍പള്ളിയിലെ വസതിയിലായിരുന്നു അന്ത്യം. ഏറെ നാളായി സുഖമില്ലാതെയിരിക്കുകയായിരുന്നു.
സിജെയെക്കുറിച്ച് എഴുതിയ ‘ഇവനെന്‍റെ പ്രിയ സിജെ‘ എന്ന പുസ്തകമാണ് റോസിയെ പ്രശസ്തയാക്കിയത്. മലയാളത്തിലെ എക്കാലത്തെയും വലിയ സാഹിത്യവിമര്‍ശകന്‍ എംപി പോളിന്‍റെ മകളാണ്. മേരി പോളാണ് മാതാവ്.
മണ്‍മറഞ്ഞുപോയ ഭര്‍ത്താവിന് റോസി അര്‍പ്പിച്ച സ്നേഹോപഹാരമായിരുന്നു ഇവനെന്‍റെ പ്രിയ സിജെ എന്ന പുസ്തകം. കലാപകാരിയായി ജീവിച്ചുമരിച്ച സി.ജെ. എന്ന മനുഷ്യനിലെ നന്‍മയും തിന്‍മയും സമന്വയിപ്പിച്ച ഒരു തുറന്നെഴുത്തായിരുന്നു ഈ പുസ്തകം. 'ഒറ്റയിരുപ്പിനു വായിച്ചുതീര്‍ത്ത പുസ്‌തകം" എന്നാണ് എം.ടി. ഈ കൃതിയെ വിശേഷിപ്പിച്ചിട്ടുളളത്.
പശ്ചിമകേരളത്തിലെ സുറിയാനി ക്രിസ്ത്യന്‍ പശ്ചാത്തലത്തില്‍ എഴുതിയ ആനി എന്ന നോവലും ഏറെ പ്രശസ്തമാണ്. ഭാര്യയെന്ന കെട്ടുപാടുകളുടെയും അതിനിടയില്‍ പൊട്ടിമുളച്ച സ്‌നേഹബന്ധത്തിന്‍റെയും ഇടയില്‍പെടുന്ന ഒരു പെണ്‍കുട്ടിയുടെ തീവ്രമായ അനുഭവങ്ങളായിരുന്നു ഈ പുസ്തകത്തില്‍ റോസി വരച്ചുകാട്ടിയത്.