ഡോ.ഡാനിയല്‍ അച്ചാരുപറമ്പിലിന്‍റെ കബറടക്കം ഇന്ന്

കൊച്ചി| WEBDUNIA| Last Modified ബുധന്‍, 28 ഒക്‌ടോബര്‍ 2009 (10:01 IST)
PRO
PRO
വരാപ്പുഴ ആര്‍ച്ച് ബിഷപ്പും കേരള കാത്തലിക് ബിഷപ്പ് കൌണ്‍സില്‍ അധ്യക്ഷനുമായ ഡോ. ഡാനിയല്‍ അച്ചാരുപറമ്പിലിന്‍റെ ഭൌതികശരീരം ഇന്ന് വൈകുന്നേരം കബറടക്കം ചെയ്യും. എറണാകുളം സെന്‍റ് ഫ്രാന്‍സീസ് അസീസി കത്തീഡ്രലിലാണ് കബറടക്ക ചടങ്ങുകള്‍ നടക്കുക.

ഇന്ന് രാവിലെ ഏഴു മുതല്‍ ഭൗതികശരീരം സെന്‍റ് ആല്‍ബര്‍ട്‌സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ പൊതുദര്‍ശനത്തിനു വച്ചിട്ടുണ്ട്. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ കബറടക്ക ശുശ്രൂഷകള്‍ ആരംഭിക്കും. നഗരി കാണിക്കലിനു ശേഷം ശരീരം സെന്‍റ് ഫ്രാന്‍സീസ് അസീസി കത്തീഡ്രലില്‍ എത്തിക്കും.

ബോംബെ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ഓസ്‌വാള്‍ഡ് ഗ്രേഷ്യസ്, ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി പെദ്രോ ലോപ്പസ് ക്വിന്താന, സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍, മലങ്കര കത്തോലിക്കാ സഭാ അധ്യക്ഷന്‍ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാബാവ എന്നിവരുടെ കാര്‍മികത്വത്തില്‍ അമ്പതോളം ബിഷപ്പുമാര്‍ ദിവ്യബലിയും കബറടക്ക ശുശ്രൂഷകളും നടത്തും.

ഇന്നലെ സെന്‍റ് ഫ്രാന്‍സിസ്‌ അസീസി കത്തീഡ്രലില്‍ പൊതുദര്‍ശനത്തിന് വച്ച ഭൌതികശരീരത്തില്‍ അന്തിമോപചരമര്‍പ്പിക്കാന്‍ പതിനായിരങ്ങളെത്തി. കേന്ദ്രമന്ത്രി കെ വി തോമസ്, മന്ത്രിമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, തോമസ് ഐസക്ക്, എം എ ബേബി, എസ് ശര്‍മ്മ, ജോസ് തെറ്റയില്‍ എന്നിവരും അന്തിമോപചാരം അര്‍പ്പിക്കാനത്തിയിരുന്നു.

തിങ്കളാഴ്ച രാവിലെ 11.30ഓടെയായിരുന്നു ആര്‍ച്ച് ബിഷപ്പ് ഡോ.ഡാനിയേല്‍ അച്ചാരുപറമ്പില്‍ കാലം ചെയ്തത്. കരള്‍ സംബന്ധമായ രോഗത്തിന് ഏറെ നാളായി ചികിത്സയിലായിരുന്നു. 1996 മുതല്‍ വാരാപ്പുഴ ആര്‍ച്ച് ബിഷപ്പായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. കെ ആര്‍ എല്‍ സി സിയുടെ സ്ഥാപകനാണ്. കേരളത്തിലെ സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിലും അദ്ദേഹത്തിന്‍റെ ശക്തമായ ഇടപെടല്‍ ഉണ്ടായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :