യെമനില്‍ വനിതകളെ തേടി അല്‍ കൊയ്ദ

സന| WEBDUNIA| Last Modified വെള്ളി, 21 മെയ് 2010 (18:52 IST)
PRO
യെമനില്‍ യുദ്ധം ചെയ്യാന്‍ അണിചേരാന്‍ സൌദി അറേബ്യന്‍ യുവതികളോട് അല്‍ കൊയ്ദയുടെ ആഹ്വാനം. സംഘടനയുടെ രണ്ടാം നേതാവായ ആയ സെയ്ദ് അല്‍ സവാഹിരിയുടെ ഭാര്യ വാഫ അല്‍ സവാഹിരിയുടേതാണ് ആഹ്വാനം. സദ അല്‍ മലാഹിം എന്ന ഓണ്‍ ലൈന്‍ മാഗസിനിലെ ലേഖനത്തിലൂടെയാണ് വാഫ ഈ ആഹ്വാനം നടത്തിയിരിക്കുന്നത്.

യു‌എസ് പിന്തുണയോടെ യെമനില്‍ അല്‍ കൊയ്ദയ്ക്കെതിരെ നടക്കുന്ന ആക്രമണത്തില്‍ സംഘടനയ്ക്ക് വന്‍ തിരിച്ചടികള്‍ നേരിട്ടിരുന്നു. അറബ് യുവതികളുടെ പിന്തുണ കൂടി ആര്‍ജ്ജിക്കാനുള്ള തന്ത്രമാണ് ഈ പരസ്യ ആഹ്വാനമെന്ന് വിലയിരുത്തപ്പെടുന്നു.

നിങ്ങളില്‍ മതവിശ്വാസികള്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും എത്രയും വേഗം യെമനിലെത്തണമെന്നാണ് ലേഖനത്തിലെ ആഹ്വാ‍നം. തീവ്രമായ ഭാഷയാണ് ലേഖനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. നിങ്ങളുടെ പുരുഷന്‍ സംരംക്ഷിച്ചില്ലെങ്കില്‍ യെമനിലേക്ക് പോരാനും നിങ്ങള്‍ക്കിവിടെ സംരക്ഷണം ഉറപ്പാണെന്നും ലേഖനത്തില്‍ പറയുന്നു.

രണ്ട് വര്‍ഷം മുമ്പാണ് അല്‍ സവാഹിരിയെ വാഫ വിവാഹം കഴിക്കുന്നത്. നേരത്തെ അല്‍ കൊയ്ദ സംഘടനയില്‍ പെട്ട രണ്ട് പേരെ ഇവര്‍ വിവാ‍ഹം കഴിച്ചിരുന്നു. ലോകവ്യാപകമായി സ്ത്രീകളുടെ പിന്തുണ കൂടുതല്‍ നേടാ‍നും വനിതാ ചാവേറുകളെ രംഗത്തിറക്കാനുമായി അല്‍ കൊയ്ദ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിന്‍റെ ഭാഗമായിട്ടാണ് പുതിയ നീക്കമെന്ന് കരുതുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :