അമേരിക്കയ്ക്ക് വീണ്ടും അല്‍-കൊയ്ദ ഭീഷണി

കെയ്‌റോ| WEBDUNIA|
PRO
യു‌എസിന് വീണ്ടും അല്‍-കൊയ്ദ ഭീഷണി. യെമനിലെ സംഘടനയുടെ നേതാവ് ഖാസിം അല്‍ റെയ്മിയാണ് ഭീഷണി മുഴക്കിയിരിക്കുന്നത്. യുഎസില്‍ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുമെന്നാണ് ഭീഷണി.

ഒരു ഓണ്‍ലൈന്‍ തീവ്രവാദ അനുകൂല മാഗസിനിലെഴുതിയ ലേഖനത്തിലാണ് ഖാസിം അമേരിക്കയ്ക്കെതിരെ ഭീഷണി മുഴക്കിയിരിക്കുന്നത്. അല്‍-കൊയ്ദയ്ക്കെതിരെ നടത്തുന്ന ആക്രമണങ്ങള്‍ക്ക് തിരിച്ചടിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഞങ്ങളുടെ ശക്തികേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തിനുള്ള തിരിച്ചടി നല്‍കുമെന്നും ഇതിനായി കാത്തിരിക്കാനുമാണ് ഖാസിം ലേഖനത്തില്‍ തുറന്നെഴുതിയിരിക്കുന്നത്.

യെമനിലെ അല്‍‌കൊയ്ദയുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനുള്ള അമേരിക്കയുടെ ശ്രമം അവര്‍ക്ക് തന്നെ തിരിച്ചടിയാകുമെന്നും കൂടുതല്‍ യെമനികള്‍ സംഘടനയിലേക്കെത്താന്‍ മാത്രമേ ഇത് ഉപകരിക്കൂ എന്ന് ഖാസിം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസം അല്‍-കൊയ്ദയ്ക്കെതിരെയുള്ള പോരാട്ടം ശക്തമാക്കുന്നതിനായി യെമന് അമേരിക്ക 150 മില്യന്‍ ഡോളര്‍ അനുവദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഖാസിമിന്‍റെ ഭീഷണി.

യെമനിലെ ഇരുപത്തിയഞ്ചോളം അല്‍-കൊയ്ദ നേതാക്കളില്‍ പ്രധാനിയാണ് ഖാസിം. 2007 ല്‍ മധ്യയെമനിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ ഇയാളായിരുന്നു ബുദ്ധികേന്ദ്രം. ഡിസംബറില്‍ യെമന്‍ സേന നടത്തിയ ആക്രമണത്തില്‍ നിന്ന് ഖാസിം കഷ്ടിച്ച് രക്ഷപെടുകയായിരുന്നു.

യെമന്‍ കേന്ദ്രമാക്കി അമേരിക്കയ്ക്കെതിരെ അല്‍-കൊയ്ദ കൂടുതല്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതായി നേരത്തെ സൂചനയുണ്ടായിരുന്നു. ക്രിസ്മസ് ദിനത്തില്‍ യു‌എസ് യാത്രാവിമാനത്തില്‍ സ്ഫോടനം നടത്താന്‍ ശ്രമിച്ച് പരാജയപ്പെട്ട നൈജീരിയന്‍ യുവാവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അമേരിക്കയിലേക്കുള്ള കൂടുതല്‍ ചാവേറുകള്‍ക്ക് യെമനില്‍ അല്‍-കൊയ്ദ പരിശീലനം നല്‍കുന്നതായി ഇയാള്‍ വെളിപ്പെടുത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :