തായ്‌ലന്‍ഡില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ 16 പേര്‍ മരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 141 ഓളം പേര്‍ക്ക് പ്രക്ഷോഭത്തില്‍ ഇതുവരെ പരുക്കേറ്റു.
പ്രധാനമായും സര്‍ക്കാര്‍ വിരുദ്ധ സമരം നടത്തുന്നത് ചെങ്കുപ്പായക്കാര്‍ ആണ്. ഇവര്‍ അഞ്ച് ആഴ്ചയായി താവളം ഉറപ്പിച്ചിരിക്കുന്ന കേന്ദ്രത്തിലേക്ക് സൈന്യം കഴിഞ്ഞ ദിവസം റബര്‍ വെടിയുണ്ടകള്‍ ഉതിര്‍ത്തിരുന്നു. ഇതോടെയാണ് തായ്‌ലന്‍ഡിലെ പ്രക്ഷോഭം കൂടുതല്‍ വഷളായത്.
കൂടാതെ, നഗരമധ്യത്തില്‍ ആയിരക്കണക്കിനു പ്രക്ഷോഭകര്‍ താവളമടിച്ചിട്ടുള്ള മൂന്നു ചതുരശ്ര കിലോമീറ്റര്‍ പ്രദേശം വളഞ്ഞ് തിരികെ പിടിക്കാന്‍ സൈന്യം രംഗത്തിറങ്ങിയിരുന്നു. ഇതും സ്ഥിതി കൂടുതല്‍ വഷളാക്കി. വാഹനങ്ങള്‍ക്കു തീവച്ച് പ്രക്ഷോഭകര്‍ പിന്മാറിയതോടെ എംബസികള്‍ പ്രവര്‍ത്തിച്ചുവന്ന പ്രദേശം സൈന്യം പിടിച്ചെടുത്തു.