റഷ്യയില്‍ ‘സാര്‍’ കൊലക്കേസ് അവസാനിക്കുന്നില്ല

മോസ്കോ| WEBDUNIA| Last Modified വ്യാഴം, 13 മെയ് 2010 (10:50 IST)
റഷ്യയിലെ അവസാന ‘സാര്‍’ വെടിയേറ്റ് മരിച്ചിട്ട് തൊണ്ണൂറ് വര്‍ഷം കഴിഞ്ഞിട്ടും അതു സംബന്ധിച്ച നിയമ നടപടികള്‍ അവസാനിക്കുന്നില്ല. മോസ്കോയിലെ ഒരു കോടതി സാര്‍ ചക്രവര്‍ത്തിയുടെയും കുടുംബാംഗങ്ങളുടെയും കൊലപാതകം സംബന്ധിച്ച് ക്രിമിനല്‍ കേസ് എടുക്കാന്‍ തീരുമാനിച്ചു.

1917 ഫെബ്രുവരിയില്‍ നടന്ന ബോള്‍ഷെവിക് വിപ്ലവത്തില്‍ റഷ്യയിലെ അവസാനത്തെ ചക്രവര്‍ത്തിയായ സാര്‍ നിക്കോളാസ് രണ്ടാമനെയും കുടുംബത്തെയും തടവിലാക്കിയിരുന്നു. പിന്നീട്, 1918 ജൂലൈ 17 സാര്‍ ചക്രവര്‍ത്തിയെയും ഭാര്യയെയും നാല് പുത്രിമാരെയും നിരവധി കൊട്ടാരം ജോലിക്കാരെയും തടവിലിട്ട സ്ഥലത്തുവച്ചു തന്നെ വെടിവച്ചു കൊന്നു.

2008 ല്‍ ഗ്രാന്‍ഡ് ഡച്ചസ് മരിയ റോമനോവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസിലെ സംശയങ്ങള്‍ ദൂരീകരിക്കാന്‍ റഷ്യന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, ബസ്മന്നി ജില്ലാ കോടതി കൊലപാതകം ക്രിമിനല്‍ കുറ്റമായി പരിഗണിച്ചില്ല. സ്റ്റേറ്റിന് വേണ്ടിയുള്ള ചെയ്തികളായി കൊലപാതകത്തെ പരിഗണിച്ചതിനൊപ്പം കൊലപാതകം നടത്തിയവരാരും ജീവിച്ചിരിക്കുന്നില്ല എന്നും കോടതി ചൂണ്ടിക്കാണിച്ചിരുന്നു.

കേസ് വീണ്ടും തുറക്കുമ്പോള്‍ ഗ്രാന്‍ഡ് ഡച്ചസും പ്രോസിക്യൂഷനും നടത്തിയ വാദമുഖങ്ങള്‍ വിശകലനം ചെയ്യുമെന്നാണ് കരുതുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :